സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല അയ്യപ്പനു പിന്നാലെ അമൃതാനന്ദമയിയും മോഹൻലാലും സിപിഎമ്മിനെയും സർക്കാരിനെയും തിരിഞ്ഞു കുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അമൃതാനന്ദമയിയെ വിമർശിച്ച് രംഗത്ത് എത്തിയതതോടെയാണ് കൊല്ലത്ത് കല്ലുകടിച്ച അമൃതാനന്ദമയി ഭക്തർ സിപിഎമ്മിനെതിരെ തിരിയുമെന്ന സ്ഥിതിയുണ്ടായത്. ശബരിമലയിലുണ്ടായ ഹിന്ദു ഏകീകരണം ഇക്കുറി സിപിഎമ്മിനെ തിരിഞ്ഞു കുത്തുമെന്ന ഭീതി നിലനിൽക്കെയാണ് മോഹൻലാൽ, അമൃതാനന്ദമയി ‘ഭക്തരെ’ കൂടി എതിരാക്കുന്ന നിലപാട് ഇപ്പോൾ സിപിഎമ്മിന്റെ സൈബർ വിഭാഗത്തിലെ വെട്ടുകിളികളിൽ നിന്നും ഉണ്ടായിരിക്കുന്നത്.
ശബരിമലയിൽ വിശ്വാസികളെ വ്രണപ്പെടുത്തുന്ന സിപിഎമ്മിന്റെ സൈബർ വിഭാഗത്തിന്റെയും, പ്രവർത്തകരുടെയും സർക്കാരിന്റെയും ഭാഗത്തു നിന്നും ഉണ്ടായതായാണ് വിലയിരുത്തൽ.
ഇതിനിടെയാണ് ഇപ്പോൾ അമൃതാനന്ദമയിക്കും, മോഹൻലാലിനും എതിരായ സൈബർ ആക്രമണം കൂടി ശക്തമാകുന്നത്. ശബരിമല കർമ്മസമിതിയുടെ അയ്യപ്പസംഗമത്തിൽ പങ്കെടുത്തതാണ് അമൃതാനന്ദമയി ചെയ്ത കൊടും പാതകം. ഇതോടെ സൈബർ രംഗത്തെ സിപിഎം പ്രവർത്തകർക്ക് പൊടുന്നനെ ഇവർ കടപ്പുറം സുധാമണിയായി മാറി. സൈബർ ആക്രമണങ്ങൾ പൂർണമായും സുധാമണിയെ കേന്ദ്രീകരിച്ചായി. സിപിഎം ട്രോൾ ഗ്രൂപ്പുകൾ കൂട്ടത്തോടെ അമൃതാനന്ദമയിയെ വക്രീകരിച്ചും കോമാളിയായും ചിത്രീകരിക്കുന്ന രീതിയുണ്ടായി. ശബരിമല കർമ്മസമിതിയുടെ പരിപാടിയിൽ സമ്മർദം സഹിക്കാനാവാതെയാണ് അമൃതാനന്ദമയി പങ്കെടുത്തതെന്ന് ഉറപ്പാണ്. രാഷ്ട്രീയം പറയാതെ, ഭക്തർക്കു വേണ്ടിയുള്ള പ്രസംഗമാണ് ഇവർ പുത്തരിക്കണ്ടം മൈതാനത്തെ അയ്യപ്പസംഗമ വേദിയിൽ ഇവർ നടത്തിയത്. എന്നാൽ, കടുത്ത വർഗീയ പ്രസംഗങ്ങൾ നടത്തിയ സെൻകുമാറിനെയും, മറ്റ് സ്വാമിമാരെയും കടന്നാക്രമിക്കാതെ അമൃതാനന്ദമയിക്കു നേരെയാണ് ഇപ്പോൾ സിപിഎമ്മിന്റെ ട്രോളുകളെല്ലാം പ്രവഹിക്കുന്നത്.
അമൃതാനന്ദമയിയെ ആരാധിക്കുന്നവർക്ക് രാഷ്ട്രീയം ഇല്ല. അമൃതാനന്ദമയി അയ്യപ്പധർമ്മസമിതിയുടെ പരിപാടിയിൽ പങ്കെടുത്തതുകൊണ്ടു മാത്രം ഇവരുടെ ഭക്തർ ആർഎസ്എസിലും, ബിജെപിയിലും പോകുകയുമില്ല. ഇവർ വോട്ട് ചെയ്യുകയുമില്ല. എന്നാൽ, ഈ കടന്നാക്രമണം കൊണ്ട് മാത്രം ഇവർ സിപിഎമ്മിന് വോട്ട് ചെയ്യാതെ ഇരിക്കാം. ഇത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സിപിഎമ്മിലും, ഇടത് മുന്നണിയിലും സൃഷ്ടിച്ചിരിക്കുന്നത്.
ഇതു കൂടാതെയാണ് മോഹൻലാലിനു നേരെ ഇപ്പോൾ ഉണ്ടാകുന്ന സൈബർ ആക്രമണം. മോഹൻലാലിന് നിലവിൽ പത്മപുരസ്‌കാരം ലഭിച്ചതോടെയാണ് സിപിഎം സൈബർ വിഭാഗം ആക്രണം കടുപ്പിച്ചത്. മോഹൻലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കുന്നതിനായി കേന്ദ്ര സർക്കാർ മനപൂർവം നൽകിയതാണ് പത്മപുരസ്‌കാരം എന്ന വാദമാണ് സിപിഎം സൈബർ വിംഗ് നടത്തുന്നത്. മോഹൻലാൽ പത്മപുരസ്‌കാരത്തിന് അർഹനല്ലെന്ന വാദം ലാലിനെ ആരാധിക്കുന്നവരും, വിമർശിക്കുന്നവരുമായ ഒരു മലയാളിയും അംഗീകരിക്കില്ല. ലാലിന്റെ ആരാധകരെ എതിരാക്കാൻ മാത്രമേ ഇപ്പോഴത്തെ പാർട്ടി സൈബർ പോരാളികളുടെ വിമർശനങ്ങൾക്ക് സാധിക്കൂ. അയ്യപ്പഭക്തരെയും, മോഹൻലാൽ, അമൃതാനന്ദമയി ഭക്തരെയും ആക്രമിക്കുന്ന സിപിഎം സൈബർ പോരാളികളുടെ നിലപാട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്നാണ് സൂചന.


