അമൃതാന്ദമയിയെ പുരുഷാനുയായികള്‍ക്ക് കാണാമെങ്കില്‍ ശബരിമലയില്‍ യുവതി പ്രവേശനവും ആകാമെന്ന ആര്‍. ഹരിയുടെ എഴുത്ത് വീണ്ടു ചര്‍ച്ചയാവുന്നു.”അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല” എന്നാണ് തിരുവനന്തപുരത്ത് അയ്യപ്പകര്‍മ്മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമയി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. എന്നാല്‍ ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള യുവതികളെ പ്രവേശിപ്പിക്കാമെന്നാണ് അമൃതാനന്ദമയി നേരത്തെ നിലപാടെടുത്തിരുന്നത്. ഇതിന്റെ തെളിവുകളടക്കം പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആര്‍ ഹരിയുടെ എഴുത്ത് ചര്‍ച്ചചെയ്യപ്പെടുന്നത്. ആര്‍.എസ്.എസ് സ്വയം സേവകരില്‍ പ്രമുഖനും എഴുത്തുകാരനായ ഹരി ദിവ്യാത്മാക്കളുടെ നൈഷ്ഠിക ബ്രഹ്മചര്യം എന്ന അധ്യായത്തില്‍ എഴുതുന്നത് ഇങ്ങനെ, ”യാഥാസ്ഥിതികരുടെ ഏറ്റവും തീക്ഷ്ണമായ ബ്രഹ്മാസ്ത്രമാണ് ശബരിമലയിലെ അയ്യപ്പസ്വാമി നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതുകൊണ്ട് തല്‍സന്നിധിയില്‍ പുഷ്പിത സ്ത്രീകള്‍ പോയ്ക്കൂടാ” എന്നത്. പരാജിതന്റെ വേദാന്തമാണത്. കുടിയനായ ജിജ്ഞാസു ഗുരുവിനെ തേടി ജ്ഞാനിയുടെ സന്നിധിയിലെത്തിയാല്‍ ജ്ഞാനി കുടി തുടങ്ങുമെന്നു പറയും പോലെ പൊള്ളയാണത്”. ” ഇനി ഒരു സ്ത്രീയെകുറിച്ചു പറയട്ടെ. മാതാ അമൃതാനന്ദമയീദേവി -ഭൂലോകപ്രസിദ്ധയായ, നൈഷ്ഠിക ബ്രഹ്മചാരിയാണ് അമ്മ. ആ സ്ഥിതിയ്ക്കു ക്ഷതി സംഭവിക്കാതിരിയ്ക്കാന്‍ 15നും 55നും ഇടയ്ക്ക് പ്രായമുള്ള ഒരൊറ്റ പുരുഷന്‍ അമ്മയ്ക്കു മുമ്പില്‍ ദര്‍ശനാര്‍ത്ഥം പോകരുത് എന്നു ചിട്ടപെടുത്തിയാല്‍ എങ്ങനെയിരിക്കും? ”കാമനെ ഒരു നോക്കുകൊണ്ട് ഭസ്മമാക്കിക്കളഞ്ഞവനാണ് അയ്യപ്പന്റെ അച്ഛന്‍. അമൃതകുംഭം ശിരസ്സിലേറ്റിയാടിയവളാണ് അയ്യപ്പന്റെ അമ്മ. അവര്‍ക്കുണ്ടായ മകന്റെ ബ്രഹ്മചര്യത്തെ അണുചലിപ്പിക്കാന്‍ ലോകത്തിലേത് ശക്തിയുണ്ട്.” എന്നായിരുന്നു ഹരിയുടെ പരാമര്‍ശം.


