ശാലിനി (herald special )
ന്യൂഡല്‍ഹി : തുഗ്ലക്കിന് പഠിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് തോന്നുന്നു. ഒരു മന്ത്രിക്ക് ഓഫീസ് പണിയണം. അതിനു ഇങ്ങനെയും ചെയ്യാമോ? 52 ലക്ഷം രൂപ മുടക്കി നവീകരിച്ച കാന്‍റീൻ പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവിട്ട് കേന്ദ്രമന്ത്രിക്കായി ഓഫീസ് നിര്‍മിക്കുന്നു അങ്ങ് തലസ്ഥാന നഗരിയില്‍ ! എല്ലാ പണവും പോകുന്നത് ജനങ്ങളുടെ നികുതിയില്‍ നിന്നാണല്ലോ പോട്ടെ .
ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ഭവനിലെ സ്റ്റാഫ് കാന്‍റീൻ പൊളിച്ചുമാറ്റിയാണ് കേന്ദ്രമന്ത്രി വിജയ് ഗോയലിനായി ഓഫീസ് നിർമിക്കുന്നത്. കഴിഞ്ഞ വർഷം 52 ലക്ഷം രൂപ മുടക്കി നവീകരിച്ച ഓഫീസ് പൊളിച്ചുമാറ്റിയാണ് മന്ത്രിയുടെ ഓഫീസ് നവീകരണമെന്ന് റിപ്പോർട്ട് .
മന്ത്രിയുടെ അഞ്ചുനില ചേംബറിലെ ഏക കാന്‍റീനാണ് ഓഫീസ് നവീകരണത്തിനായി പൊളിച്ചുമാറ്റിയത്. നിർമാണത്തിന് ഇതേവരെ 1.09 കോടി രൂപ ചെലവായി. നിർമാണം പൂർത്തിയാകുന്പോൾ ചെലവ് വർധിക്കും. മന്ത്രി നേരിട്ടാണ് പുതിയ ഓഫീസിന്‍റെ നിർമാണ പ്രവർത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പധികൃതര്‍ അറിയിച്ചു. നിർമാണങ്ങൾ ഏറെക്കുറെ പൂർത്തിയായെന്നും മന്ത്രി നിർദേശിച്ച, വാസ്തു പ്രകാരമുള്ള
ചില മാറ്റങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾക്കായി കാന്‍റീൻ പൊളിച്ചുമാറ്റിയതിനെ സംബന്ധിച്ച് അറിവില്ലെന്നാണ് മന്ത്രി വിജയ് ഗോയല്‍ പറയുന്നത്. പുതിയ ഓഫീസ് നിർമിക്കാൻ നിർദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റെല്ലാം പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപയ്ക്കുമേൽ ഓഫീസ് നിർമാണത്തിനു ചെലവിട്ടതിനെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതെപ്പോഴും അങ്ങനെയാണല്ലോ. പൊതുജനത്തിന്റെ മുന്നില്‍ ഇനി പരസ്പരം ചെളി വാരി എറിയാം. ഇനിയിപ്പോള്‍ വിവരാവകാശ അപേക്ഷ നല്‍കിയാലും ഇരു വിഭാഗവും പരസ്പരം അന്വേഷിക്കാന്‍ പറയുമായിരിക്കും. ഈ പണമെല്ലാം അപ്പോള്‍ എവിടെ പോകുന്നു ആവോ?


