തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനുശേഷം അഞ്ജു ബോബി ജോര്‍ജ്ജ് പ്രതികരിക്കുന്നു. സ്പോര്‍ട്സ് രാഷ്ടീയത്തിനും മതത്തിനും അതീതമാണെന്ന വിശ്വാസമാണ് തകര്‍ന്നതെന്ന് അഞ്ജു പറയുന്നു. തന്റെ കൈ ശുദ്ധമാണ്, അതുകൊണ്ടുതന്നെ അപമാനം സഹിച്ച് തുടരാന്‍ സാധിക്കില്ലെന്നും അഞ്ജു വ്യക്തമാക്കി.
ജിവി രാജയെ കരയിച്ചവര്‍ക്കു മുന്നില്‍ തങ്ങളുടെ കണ്ണീര്‍ ഒന്നുമല്ലെന്നും അഞ്ജു പറയുന്നു. താന്‍ ചുമതലയേറ്റ ആറര മാസകാലത്തിനുളളില്‍ വന്‍ ക്രമക്കേടുകള്‍ താന്‍ കണ്ടെത്തിയതെന്നും കായികരംഗം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറിയില്‍ നടന്നതെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. അഞ്ജുവിനൊപ്പം പരീശീലക സ്ഥാനത്തു നിന്നും അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസും രാജിവെച്ചു. അഞ്ച് മെഡലുകള്‍ നേടിയ കായിക താരമെന്ന നിലയിലാണ് സഹോദരന് ജോലി നല്‍കിയതെന്നും അഞ്ജു പറഞ്ഞു. എത്തിക്സ് കമ്മറ്റി കൊണ്ടു വന്നത് എതിര്‍പ്പുകള്‍ക്ക് കാരണമായെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ യോഗത്തില്‍ അഞ്ജു ഇക്കാര്യം ഔദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചു. അപമാനം സഹിച്ച് തുടരാനാവില്ലെന്നാണ് യോഗത്തില്‍ അഞ്ജു പറഞ്ഞത്. കൂടാതെ കൗണ്‍സിലിന്റെ പത്തുവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അഞ്ജുവിനൊപ്പം കൗണ്‍സിലിലെ ഭരണസമിതി അംഗങ്ങളായ ടോംജോസഫ് അടക്കമുളള 13 പേരും രാജി വെച്ചു.