ആലുവ: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പോലീസ് ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് നാല് മണിയോടെ ആലുവ പോലീസ് ക്ലബിലെത്തിയ ഇയാളെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആലുവ പോലീസ് ക്ലബിലേക്ക് മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്. ഈ കാര്‍ രാജു പോലീസ് ക്ലബിന് അകത്ത് പ്രവേശിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പോലീസിന്റെ കണ്ടെത്തില്‍.
പള്‍സര്‍ സുനി നല്‍കിയ മെമ്മറി കാര്‍ഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും ഇയാള്‍ ഇത് നശിപ്പിക്കുകയായിരുന്നു എന്നും അഡ്വ.പ്രതീഷ് ചാക്കോ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ആദ്യം ഒരു തവണ രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
അന്ന് ഒളിവില്‍ പോയ പ്രതീഷ് ചാക്കോ പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായി ചോദ്യം ചെയ്യല്ലില്‍ ഇയാള്‍ നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് രാജു ജോസഫിനെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
തമിഴ്നാട് തൂത്തുക്കുടി രജിസ്ട്രേഷനിലുള്ള TN 69 J 9169 എന്ന നമ്പറിലുള്ള വാഹനത്തിലാണ് രാജു ജോസഫ് മറ്റൊരു അഭിഭാഷകനൊപ്പം എത്തിയത്. കേസില്‍ ഉള്‍പ്പെട്ട കാറായതിനാല്‍ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗതാഗതവകുപ്പിന്റെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ക്യംപ് ചെയ്തിരിക്കുന്ന ആലുവ പോലീസ് ക്ലബില്‍ ഇന്ന് നിരവധി പേരാണ് പോലീസിന്റെ ചോദ്യം ചെയ്യല്ലിനായി ഹാജരായത്. രാവിലെ ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കളേയും, ദിലീപിന്റെ മുന്‍ഭാര്യ മജ്ഞുവാര്യരുടെ സഹോദരനും നടനുമായ മധു വാര്യരേരയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ച പോലീസ് ദിലീപിന്റെ ചില ബന്ധുക്കളെ ചോദ്യം ചെയ്ത വിട്ടയച്ച ശേഷം വീണ്ടും വിളിച്ചു വരുത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അഭിഭാഷകന്‍ രാജു ജോസഫ് ആലുവ പോലീസ് ക്ലബിലെത്തിയത്.


