രാജ്യത്തെ സാമ്പത്തികമാന്ദ്യം ആയിരക്കണക്കിന് തൊഴിലാളികളെയാണ് വഴിയാധാരമാക്കുന്നത്. പുതിയതായി അപ്പോളോ ടയേഴ്‌സ് ഉത്പാദനം നിർത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഹന വിപണിയിലെ മാന്ദ്യമാണ് ഉത്പാദനം നിർത്താൻ കാരണം.
കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ടയർ ചെലവില്ലാത്തതിനാൽ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് അഞ്ചുദിവസത്തേക്ക് അടച്ചു. കളമശ്ശേരി അപ്പോളോ ടയേഴ്‌സ് ചൊവ്വാഴ്ച്ച മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച പ്ലാന്റ് തുറക്കും.
തൊഴിലാളികൾക്ക് പകുതി വേതനമാണ് ലഭിക്കുക. ലീവിലുള്ളവർക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം. ആയിരത്തിലേറെ ജീവനക്കാരെയാണ് പ്ലാന്റ് അടച്ചുപൂട്ടൽ ബാധിക്കുക.
ട്രക്കുകളുടേയും മിനി ട്രക്കുകളുടേയും ടയറാണ് പേരാമ്പ്രയിൽ ഉത്പാദിപ്പിക്കുന്നത്. ഇവിടെനിന്നും ടയർ വാങ്ങുന്ന ഒന്നാം നമ്പർ കമ്പനിയായ മാരുതി ഇവിടെ നിന്നും ടയർ വാങ്ങുന്നതിൽ 60 ശതമാനം കുറവ് വരുത്തിയിരുന്നു. പ്രതിദിനം 300 ടൺ ടയറാണ് ഉത്പാദിപ്പിച്ചിരുന്നത്. നിലവിൽ 15 കോടിയുടെ ടയറാണ് പ്ലാന്റിൽ കെട്ടികിടക്കുന്നത്.