കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്ക് സഭ പ്രത്യേക നിര്‍ദ്ദേശം നല്‍കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സങ്കീര്‍ണമായ രാഷ്‌ട്രീയ സാഹചര്യം മനസിലാക്കി വിശ്വാസികള്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസികളുടെ പ്രതികരണത്തിലൂടെ സഭയുടെ നിലപാട് വ്യക്‌തമാകും. ബീഫ് വിഷയത്തില്‍ കേന്ദ്രീകൃത ചര്‍ച്ച ആവശ്യമില്ലെന്നും അതേസമയം, പ്രാദേശിക താല്‍പര്യങ്ങള്‍ക്കൊപ്പം സഭയുടെ നിലപാടുകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രാദേശിക ആവശ്യങ്ങള്‍ അറിയാവുന്ന ജനങ്ങള്‍ സ്ഥാനാര്‍ഥികളെ വിലയിരുത്തി വോട്ട് ചെയ്യണം. ശരിയായ രാഷ്ട്രീയ ആശയങ്ങളെ അടിയറവെച്ചുള്ള വിലയിരുത്തലാകരുത്. വിശ്വാസികള്‍ക്ക് രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ട് ചെയ്യാം. ഇക്കാര്യത്തില്‍ സഭ പൊതുനിലപാട് സ്വീകരിച്ചിട്ടില്ല -ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.ടി.വി തോമസിനെക്കുറിച്ച് ചങ്ങനാശേരി അതിരൂപത ബിഷപ്പായിരുന്ന മാര്‍ ജോസഫ് പൗവത്തിലിന്‍െറ വെളിപ്പെടുത്തലില്‍ തെറ്റില്ല. അതില്‍ ധാര്‍മികതയുടെ പ്രശ്നവുമില്ല. ആര്‍ക്കും എന്തും എപ്പോള്‍ വേണമെങ്കിലും വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനോട് മറ്റുള്ളവര്‍ക്കും പ്രതികരിക്കാം. അതിലെ തെറ്റും ശരിയുമൊക്കെ സമൂഹം തീരുമാനിക്കട്ടെയെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളെ അവഗണിക്കുകയും വൈകാരിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് രാഷ്ട്രീയലാഭം ഉണ്ടാക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല. ജനങ്ങളുടെ മുന്നില്‍ വ്യക്തമായ തെരഞ്ഞെടുപ്പ് പത്രിക നല്‍കി വേണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍. ഓരോരുത്തര്‍ക്കും ഭക്ഷണസ്വാതന്ത്ര്യമുണ്ട്. അതിനെതിരായ കടന്നുകയറ്റത്തെക്കുറിച്ച് ഓരോരുത്തരുമാണ് മറുപടി പറയേണ്ടത്. ഇക്കാര്യത്തില്‍ നിയമപരമായ വശം കോടതികള്‍ തീരുമാനിക്കട്ടെയെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.