ജീവൻ രക്ഷിച്ച സൈനികർക്ക് ഉമ്മ കൊടുത്തും ഭാരത് മാതാ കീ ജയ് വിളിച്ചും ബാബു. 20 കാരൻ്റെ മനക്കരുത്തിന് കയ്യടിച്ച് മലയാളികൾ

മലയാളികളെ ഒന്നാകെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നിരിക്കുകയാണ് ബാബു എന്ന ഇരുപത്കാരൻ. ഭക്ഷണവും വെള്ളവുമില്ലാതെ ഇത്രയും ഉയരത്തിൽ
രണ്ട് ദിവസം പിടിച്ച് നിന്ന ബാബുവിന്റെ മനോബലം ഏവരെയും ഞെട്ടിച്ചു.

മരണ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയുമാണ് പുതു ജീവിതം ബാബു ആരംഭിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇപ്പോൾ വൈറലാണ്. സൈനികര്‍ക്ക് ബാബു ഉമ്മ കൊടുക്കുന്നതും ഇന്ത്യന്‍ ആര്‍മി കീ ജയ് എന്നും ഭാരത് മാതാ കീ ജയ് വിളിക്കുന്നതും വിഡിയോയിൽ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലയാണ് താഴെനിന്ന് കയറ്റിക്കൊണ്ടുവന്നതെന്ന് ബാബു പറയുന്നു. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങി ബാബുവിനെ മലമുകളില്‍ എത്തിക്കുകയായിരുന്നു.

ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങി. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോള്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. വീഴ്ചയില്‍ കാലിനു പരുക്കേറ്റു.

കയ്യിലുള്ള മൊബൈല്‍ ഫോണില്‍ ബാബു താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. അഗ്നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. രാത്രി മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് തെളിച്ചും രാവിലെ ഷര്‍ട്ടുയര്‍ത്തിയും രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാന്‍ ബാബു ശ്രമിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു.പിന്നീട് ഫോണ്‍ബന്ധം നിലച്ചു.

തിങ്കളാഴ്ച രാത്രി അഗ്‌നിരക്ഷാസേനയും മറ്റും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇരുട്ട് തടസ്സമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേശീയ ദുരന്തനിവാരണസേനാംഗങ്ങള്‍ മലകയറി. സംഘം മലയുടെ മുകളിലെത്തിയെങ്കിലും ബാബുവിനടുത്തെത്താനായില്ല. കയര്‍കെട്ടി ബാബുവിനടുത്തേക്ക് ഇറങ്ങാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു.

വൈകീട്ട് മൂന്നോടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തി മലയുടെ മുകള്‍ത്തട്ടുവരെ പറന്നെങ്കിലും ഇറങ്ങാന്‍ സൗകര്യമില്ലാത്തത് തിരിച്ചടിയായി. ശക്തമായ കാറ്റും വെല്ലുവിളി ഉയർത്തിയിരുന്നു. ഡ്രോണില്‍ കെട്ടിവെച്ച് ചെറിയ കുപ്പിയില്‍ ഇളനീര്‍വെള്ളം യുവാവിന് അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെവീഴുകയായിരുന്നു.

Top