കൊഹിമ: ഭീകരവാദികൾ എന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ഗ്രാമീണരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 21 പാരാ സ്പെഷൽ ഫോഴ്സ് ഓഫ് ആർമി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. നാഗാലാൻഡ് പൊലീസാണ് കേസെടുത്തത്. ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
അതേസമയം ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഘർഷം തുടരുകയാണ്. നിരോധനാജ്ഞ നിലനിൽക്കുന്ന മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. വെടിവയ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
നാഗാലാൻഡിലെ മോൺ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിർത്തത്. രാത്രിയായിട്ടും തൊഴിലാളികൾ തിരിച്ചെത്താതിരുന്നപ്പോൾ തേടിയിറങ്ങിയ യുവാക്കൾ ഉൾപ്പെടുന്ന സംഘം സൈന്യത്തെ വളഞ്ഞുവയ്ക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആദ്യം ആകാശത്തേക്കും പിന്നീട് നേരെയും സൈന്യം വെടിവച്ചു. ഇതിൽ 5 പേർ കൂടി കൊല്ലപ്പെട്ടു. സംഘർഷവും വെടിവയ്പും ഇന്നലെയും തുടർന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആശങ്കയും വേദനയും പ്രകടിപ്പിച്ചു. വെടിവയ്പിൽ ഖേദം പ്രകടിപ്പിച്ച സൈന്യം, സേനാതല അന്വേഷണത്തിന് (കോർട്ട് ഓഫ് എൻക്വയറി) ഉത്തരവിട്ടിരുന്നു. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.