ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജ്യസഭ ചീഫ് വിപ് രാജിവച്ചു. ഭുവനേശ്വര്‍ കലിതയാണ് രാജിവച്ചത്. കശ്മീര്‍ വിഷയത്തില്‍ പ്രത്യേക അധികാരം നല്‍കരുതെന്നുമാണ് ഭുവനേശ്വറിന്റെ അഭിപ്രായം. രാജ്യത്തിന്റെ താത്പര്യം മാറിയെന്നും കോണ്‍ഗ്രസ് അത് മനസിലാക്കണമെന്നും കലിത പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് വിജ്ഞാപനമിറക്കിയത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു.
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.