ലിംഗവിവേചനത്തിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സാമൂഹ്യപ്രവര്‍ത്തക അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും. ഫറൂഖ് കോളേജിനു പിന്നാലെ ചങ്ങനാശ്ശേരി എസ്ബി കോളേജിലും ലിംഗവിവേചനമെന്ന് അറിയിച്ചു കൊണ്ടാണ് അരുന്ധതിയുടെ പോസ്റ്റ്. മാനേജ്‌മെന്റ് കുട്ടികളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരുന്ധതി പറയുന്നു.
അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
ഫേസ്ബുക്കിലും പുറത്തും വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ശ്രദ്ധിച്ചോ ഈ കോളേജുകള്‍ക്കൊക്കെയും സ്വയംഭരണ പദവിയുണ്ടെന്ന്?
ഒരിക്കല്‍ ഒരു വിദ്യാര്‍ഥി സംഘടന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന സ്വയംഭരണ കോളേജുകള്‍ക്കെതിരെ തെരുവിലിറങ്ങിയിരുന്നു. പഠിപ്പ് മുടക്കിയും യു.ഡി.എഫ് പോലീസിന്റെ തല്ലുകൊണ്ടും സമരം ചെയ്തിരുന്നു. ഈ കുറിപ്പെഴുതുന്നവളും ആ സമരത്തിന്റെ ഭാഗമായിരുന്നു. അന്ന് നിങ്ങളില്‍ എത്രപേര്‍ ആ പോരാട്ടത്തിനൊപ്പം നിന്നു? ഇന്നിപ്പോള്‍ തല്ലുകൊണ്ട നൂറുകണക്കിന് കുട്ടികള്‍ക്ക് പകരം ആയിരക്കണക്കിന് കുട്ടികള്‍ ക്ലാസ് ജയിലുകളിലാണ്.
മാനേജുമെന്റിന്റെ ക്യാമറകള്‍ മൂത്രപ്പുരകളിലേക്ക് വരെ അവരെ പിന്തുടരുന്നു. സദാചാര പാഠങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. പ്രതിഷേധിക്കുന്ന കുട്ടികളെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും കാട്ടി ഭയപ്പെടുത്തുന്നു. കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന അധ്യാപകര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണിയും. സ്വയംഭരണ പദവിയില്‍ വിദ്യാഭ്യാസത്തിന്റെ സ്വയംനിര്‍ണയാവകാശം വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും തട്ടിയെടുക്കപ്പെട്ടു. കലാലയ രാഷ്ട്രീയം അശ്ലാലമാക്കപ്പെട്ടു. മാനേജ്‌മെന്റ് ജയിച്ചു. വിദ്യാഭ്യാസം തോറ്റു.