ദില്ലി: പ്രധാനമന്ത്രി മോദിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോദി തന്നെ എപ്പോള്‍ വേണമെങ്കിലും കൊലപ്പെടുത്താമെന്നും കെജ്രിവാള്‍ പറയുന്നു.
തന്നെയും ആംആദ്മി പാര്‍ട്ടിയെയും ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി യുട്യൂബ് ചാനലിലൂടെ കെജ്രിവാള്‍ ആരോപിച്ചു. മോദി തലവനായിരിക്കുന്ന രാജ്യം എങ്ങനെയാണ് സുരക്ഷിതമാകുക. മോദിയുടെ സമനില നശിച്ചിരിക്കുകയാണ്.
അദ്ദേഹത്തിന് ചിലപ്പോള്‍ എന്നെ വരെ വധിക്കാന്‍ കഴിയും. എല്ലാ എഎപി പ്രവര്‍ത്തകരും ജയിലില്‍ പോകാന്‍ തയാറായിരിക്കുകയാണ്. ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാമെന്നും കെജ്രിവാള്‍ പറയുന്നു. ആംആദ്മിയുടെ എംഎല്‍എമാരെ കള്ള കേസുകളില്‍ കുടുക്കി പാര്‍ട്ടിയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രവുമായുള്ള നിയമയുദ്ധത്തിനു മാത്രമേ സംസ്ഥാന സര്‍ക്കാരിന് സമയമുള്ളു എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
ആംആദ്മി പാര്‍ട്ടി എംഎല്‍എ ഖര്‍തര്‍ സിംഗ് തന്‍വാറിന്റെ വസതിയില്‍ റെയ്ഡ് നടന്നതിന്റെ പശ്ചാത്തലത്തിലാണ് കെജരിവാളിന്റെ പ്രസ്താവന. ആദായ നികുതി വകുപ്പുദ്യോഗസ്ഥരാണ് തന്‍വാറിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ 11 എഎപി എംഎല്‍എമാരാണ് വ്യത്യസ്ത കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.