ദുബായ് :ഇന്ത്യ പാകിസ്താനോട് 5 വിക്കറ്റിന് തോറ്റു. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പകരംവീട്ടി പാകിസ്താന്‍. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് പാകിസ്താൻ മറികടന്നത് .അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 51 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറുമടക്കം 71 റണ്‍സെടുത്തു.
അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ ഏഴു റൺസാണ് പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഖുശ്ദിൽ ഷാ സിംഗിൾ നേടി. അടുത്ത പന്ത് ആസിഫ് ബൗണ്ടറി കടത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. എന്നാൽ മൂന്നാം പന്ത് ഡോട്ട് ബോളാക്കി അർഷ്ദീപ് തിരിച്ചുവരവ് നടത്തി. നാലാം പന്തിൽ ആസിഫിനെ ഔട്ടാക്കിയതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. പക്ഷേ പിന്നീട് ക്രീസിലെത്തിയ ഇഫ്തിഖർ, നേരിട്ട ആദ്യ പന്തിൽ തന്നെ ഡബിൾ ഓടിയതോടെ പാക്കിസ്ഥാന് ജയം
ക്യാപ്റ്റൻ ബാബർ അസമിന് (10 പന്തിൽ 14) ഇന്നും തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങിൽ, നാലാം ഓവറിൽ രവി ബിഷ്ണോയ് ആണ് ബാബറിനെ കോലിയുടെ കൈകളിൽ എത്തിച്ചത്. പിന്നാലെയെത്തിയ ഫഖർ സമാൻ 18 പന്തിൽ 15 റൺസെടുത്ത് പുറത്തായി. യുസ്‌വേന്ദ്ര ചെഹലാണ് ഫഖറിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനുശേഷമാണ് നവാസും റിസ്‌വാനും ഒന്നിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു.
16–ാം ഓവറിൽ നവാസും 17–ാം ഓവറിൽ റിസ്‌വാനും പുറത്തായെങ്കിലും ഖുശ്ദിൽ ഷായും ആസിഫ് അലിയും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ ആസിഫ് അലി പുറത്തായെങ്കിലും 18–ാം ഓവറിന്റെ മൂന്നാം പന്തിൽ ആസിഫിന്റെ ക്യാച്ച് അർഷ്‌ദീപ് സിങ് വിട്ടുകളഞ്ഞത് ഇന്ത്യയുടെ വിജയസാധ്യതയെ തല്ലിക്കെടുത്തി.
ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസ് എടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ മുൻ ക്യാപ്റ്റൻ വിരാട് കോലി (44 പന്തിൽ 60) ആണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തു പകർന്നത്. ക്യാപ്റ്റൻ രോഹിത് ശർമ (16 പന്തിൽ 28), ഓപ്പണർ കെ.എൽ.രാഹുൽ (20 പന്തിൽ 28) എന്നിവരും തിളങ്ങി. സൂര്യകുമാർ യാദവ് (10 പന്തിൽ 13), ഋഷഭ് പന്ത്(12 പന്തിൽ 14), ഹാർദിക് പാണ്ഡ്യ (പൂജ്യം), ദീപക് ഹൂഡ (14 പന്തിൽ 16), ഭുവനേശ്വർ കുമാർ (0*), രവി ബിഷ്ണോയ് (2 പന്തിൽ 8*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.