
തിരുവനന്തപുരം: ഇക്കുറി കേരള രാഷ്ട്രീയ ചരിത്രം എല്‍ഡിഎഫ് മാറ്റി എഴുതും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും. എല്‍ഡിഎഫ് 77 മുതല്‍ 83 വരെ സീറ്റുകള്‍ നേടാം എന്നാണ് പ്രവചനം. ഇത് 2016ലെ സീറ്റ് നിലയേക്കാള്‍ കുറവാണ് എന്നത് ശ്രദ്ധേയമാണ്.പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി ആകും .മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടം വെച്ചിരിക്കുന്ന രമേശ് ചെന്നിത്തലക്ക് വെറും 5 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത് .ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം കോൺഗ്രസുകാരെ ആകെ നിരാശയിലാക്കിയിരിക്കയാണ് .
ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അടുത്ത മുഖ്യമന്ത്രിയായി കാണുന്നത് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ്. 27 ശതമാനം പേരാണ് പിണറായി മുഖ്യമന്ത്രിയായി തുടരണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിക്കാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ജനപിന്തുണ ഉളളത്. 23 ശതമാനം പേരാണ് ഉമ്മന്‍ ചാണ്ടിയാകണം അടുത്ത മുഖ്യമന്ത്രി എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 5 ശതമാനം ആളുകള്‍ ആണ്. മൂന്ന് ശതമാനം പേര്‍ തന്നെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും 3 ശതമാനത്തിന്റെ പിന്തുണയുണ്ട്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രധാന കോണ്‍ഗ്രസ് നേതാക്കളേക്കാളും പിന്തുണയുണ്ട് ഈ സര്‍വ്വേ പ്രകാരം എന്നത് ശ്രദ്ധേയമാണ്. 7 ശതമാനം പേരാണ് കെ സുരേന്ദ്രന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകണം അഭിപ്രായപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്‍ വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നു എന്ന് വിലയിരുത്തിയിരിക്കുന്നത് 9 ശതമാനം പേരാണ്. മികച്ചതാണ് പ്രവര്‍ത്തനം എന്ന് 45 ശതമാനം പേരും തൃപ്തികരം എന്ന് 27 ശതമാനം പേരും വിലയിരുത്തിയിരിക്കുന്നു. അതേസമയം മുഖ്യമന്ത്രി എന്ന നിലയ്ക്ക് മോശം പ്രവര്‍ത്തനമാണ് പിണറായിയുടേത് എന്ന് 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് 16 ശതമാനം പേര്‍ സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രവര്‍ത്തനം മികച്ചത് എന്ന് 51 ശതമാനം പേര്‍ പറയുന്നു. പ്രവര്‍ത്തനം തൃപ്തികരമാണ് എന്നാണ് 17 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മോശമാണ് എന്നാണ് 16 ശതമാനത്തിന്റെ നിലപാട്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മികച്ചതാണ് എന്നാണ് സര്‍വ്വേ ഫലം. വളരെ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് 15 ശതമാനം പേരും മികച്ച പ്രവര്‍ത്തനം എന്ന് 43 ശതമാനം പേരും അഭിപ്രായപ്പെടുന്നു. പ്രവര്‍ത്തനം തൃപ്തികരമാണ് എന്ന് 26 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുമ്പോള്‍ പ്രവര്‍ത്തനം മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തെ പ്രവര്‍ത്തനം പിണറായി വിജയന്റെ മതിപ്പ് ഉയര്‍ത്തിയോ എന്ന ചോദ്യത്തിന് വലിയ പ്രതികരണമാണ് സര്‍വ്വേയില്‍ ലഭിച്ചത്. പിണറായിയുടെ പ്രതിച്ഛായ ഉയര്‍ത്തി എന്ന് 86 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രതിച്ഛായ ഇടിഞ്ഞു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയിൽ പങ്കെടുത്ത 14 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
91 എംഎല്‍എമാരുമായി അധികാരത്തിൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. ആകെയുളള 140ല്‍ 91 എംഎല്‍എമാരുടെ പിന്തുണ പിണറായി വിജയന്‍ സര്‍ക്കാരിനുണ്ട്. അതേസമയം യുഡിഎഫിന് 47 സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്. നേമത്തിലൂടെ ചരിത്രത്തില്‍ ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നതും 2016ലാണ്.
അധികാരത്തില്‍ തുടരാന്‍ സാധിച്ചാലും കൈവശമുളള ചില നിയമസഭാ സീറ്റുകള്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെടും എന്നാണ് സര്‍വ്വേ ഫലം. എല്‍ഡിഎഫിന് 42 ശതമാനം വോട്ട് വിഹിതം ലഭിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നു. രണ്ടാമത് എത്തുന്ന യുഡിഎഫ് സീറ്റുകളുടെ എണ്ണം ഉയര്‍ത്തിയേക്കും.
47 സീറ്റുകള്‍ നിലവില്‍ സ്വന്തമായുളള യുഡിഎഫ് 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടിയേക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം. യുഡിഎഫിന് 39 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം ഇടത് മുന്നണിയേയും യുഡിഎഫിനേയും ഞെട്ടിച്ച് കൊണ്ട് സീറ്റ് നിലയില്‍ എന്‍ഡിഎ വലിയ നേട്ടം കൊയ്യും എന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഒരു സീറ്റ് മാത്രം സ്വന്തമായുളള എന്‍ഡിഎയ്ക്ക് 3 മുതല്‍ 7 സീറ്റുകള്‍ വരെ കേരളത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയുടെ കണ്ടെത്തല്‍. 18 ശതമാനം വോട്ട് വിഹിതവും എന്‍ഡിഎയ്ക്ക് ഉണ്ടാകും എന്നും സര്‍വ്വേ പറയുന്നു. മറ്റുളളവര്‍ സീറ്റുകള്‍ നേടില്ലെങ്കിലും 1 ശതമാനം വോട്ട് നേടും എന്നും ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ ഫലം പറയുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇത്രയും കാലം പ്രവചനത്തിന് അതീതമായിരുന്നില്ല. ഭരണ മാറ്റം സംസ്ഥാന രാഷ്ട്രീയത്തില്‍ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇക്കുറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് പക്ഷം ആ ചരിത്രം മാറ്റി എഴുതുമോ ? കോണ്‍ഗ്രസ് ഭരണം തിരിച്ച് പിടിക്കാനും ബിജെപി ഒരു സീറ്റില്‍ നിന്ന് മുന്നോട്ട് പോകാനും കാര്യമായിത്തന്നെ വിയര്‍പ്പൊഴുക്കുന്നുണ്ട്. എല്ലാം മറികടന്ന് പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമോ ?സർവേകളിൽ ഇതിനെല്ലാം ഉത്തരം വന്നിരിക്കയാണ് .