ദുബായ്: കടക്കെണിയില്‍ കുടുങ്ങി ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും. പവാസി മലയാളികളുടെയും ചില ബിസിനസ് ഗ്രൂപ്പുകളും നടത്തിയ കൂട്ടായ പരിശ്രമങ്ങള്‍ വിജയത്തിലേക്ക് എത്തുകയാണ്. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടന്‍ സാധ്യമാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ബാങ്കുകളുമായുള്ള ഭൂരിഭാഗം കേസുകളും ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. മറ്റ് ബാങ്കുകളോട് കടം വീട്ടാന്‍ സാവകാശം ചോദിക്കാനാണ് തീരുമാനം.അതേസമയം അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം കത്തു നല്‍കി. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെങ്കില്‍ അറ്റല്‌സ് രാമചന്ദ്രന്റ് മോചനം താമസിയാതെ സാധ്യമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് കൊല്ലത്തേക്കാണ് അറ്റ്‌ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകള്‍ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനായാല്‍ തന്നെ മലയാളികള്‍ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയില്‍ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ അറ്റ്‌ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വരും. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം.