ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു…!! വലിയ കാര്യം സംഭവിച്ചിട്ടുണ്ടെന്ന് ട്രംപിൻ്റെ ട്വീറ്റ്

വാഷിംഗ്ടൺ: ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം രൂപീകരിച്ച സ്പെഷ്യൽ ഓപ്പറേഷൻ ടീമാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച സിറിയയിലെ ഇദ്ലിബ് മേഖലയിൽ അമേരിക്ക വ്യോമാക്രമണം നടത്തിയെന്നും ഇതിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ഓപ്പറേഷൻ വിജയമാണോ എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും വലിയൊരു സംഭവം ഇപ്പോൾ സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രംപ് ഞായറാഴ്ച രാവിലെ ഒമ്പതിന് (അമേരിക്കൻ സമയം)​ വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞിരുന്നു.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിൽ ഒസാമ ബിൻലാദന് ശേഷം(2011)​ കൊല്ലപ്പെടുകയോ പിടികൂടുകയോ ചെയ്യുന്ന കൊടുകുറ്റവാളിയാകും അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഇയാൾ ഇറാഖിലെ സമാറ സ്വദേശിയാണ്. ബാഗ്ദാദിനെ പിടികൂടാനോ കൊലചെയ്യാനോ സഹായിക്കുന്നവർക്ക് യു.എസ്. വിദേശകാര്യവകുപ്പ് 2011ൽ ഒരു കോടി ഡോളർ(60 കോടി രൂപ)​ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Top