കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടും കൈയും നീട്ടിയാണ് ആര്‍എസ്പിയെ യുഡിഎഫ് കൈപിടിച്ച് സ്വീകരിച്ചത്. കൊല്ലം സീറ്റ് നല്‍കി എന്‍കെ പ്രേമചന്ദ്രനെ എംപിയുമാക്കി. കൊല്ലത്തെ വിജയത്തിന് കാരണം ആര്‍എസ്പി സാന്നിധ്യമാണെന്ന് യുഡിഎഫ് വിലയിരുത്തുകയും ചെയ്തു. സിറ്റിങ് എംപിയായ പീതാംബര കുറുപ്പിനെ മാറ്റിയാണ് കോണ്‍ഗ്രസ് മുന്നണിക്ക് കരുത്തു പകരാന്‍ പ്രേമചന്ദ്രനെ എംപിയാക്കിയത്. എന്നാല്‍ കൊല്ലം ഇരവിപുരത്തെ നിയമസഭാ സീറ്റില്‍ ഈ മാതൃക ആവര്‍ത്തിക്കാന്‍ മുസ്ലിം ലീഗ് തയ്യാറല്ല. ഇരവിപുരത്തെ സിറ്റിങ് എംഎല്‍എ ആര്‍എസ്പിയുടെ സെക്രട്ടറി കൂടിയായ എഎ അസീസാണ്. അതുകൊണ്ട് തന്നെ ഈ സീറ്റിനായുള്ള അവകാശ വാദം ന്യായമാണ്.
എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ മുസ്ലിം ലീഗ് തയ്യാറല്ല. അസീസ് സ്ഥിരമായി മത്സരിച്ച് ജയിക്കുന്ന ഇരവിപൂരം വിട്ട് നല്‍കില്ലെന്നാണ് ലീഗിന്റെ കൊല്ലം ജില്ലാ കമ്മറ്റിയുടെ വാദം. സീറ്റ് കിട്ടിയില്ലെങ്കില്‍ വിമതനെ നിര്‍ത്തുമെന്നും പറയുന്നു. മന്ത്രിപദമോഹമുള്ള മലബാര്‍ നേതാക്കളാണ് ഇരവിപുരത്തെ സീറ്റ് ആര്‍എസ്പിക്ക് നല്‍കാനുള്ള നീക്കത്തിന് പിന്നിലെന്നും ജില്ലാ നേതൃത്വം പറയുന്നു. 1980 മുതല്‍ തങ്ങള്‍ മത്സരിക്കുന്ന ഈ സീറ്റ് വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. 1996 മുതല്‍ തുടര്‍ച്ചായി വിജയിക്കുന്ന ഈ സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് വാശിയില്‍ ആര്‍.എസ്പിയും ഉറച്ചുനില്‍ക്കുന്നു. ഇരവിപുരം ആര്‍.എസ്പിക്ക് നല്‍കുന്നതിനോടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനും താല്‍പര്യം.
ഇരവിപുരത്ത് സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡന്റ് എ.യൂനൂസ് കുഞ്ഞിനെയും ലീഗ് ജില്ലാക്കമറ്റി തീരുമാനിച്ചു. ഇനി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി മാത്രം ലഭിച്ചാല്‍ മതി. 1980ല്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കിയ ചടയമംഗലത്തിന് പകരം സീറ്റ് കിട്ടിയിട്ടില്ല. തിരുവനന്തപുരത്തും ഈ അനുഭവം ഉണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറായി. പക്ഷേ ലീഗ് സ്ഥാനാര്‍ത്ഥികളെയെല്ലാം ആര്‍.എസ്പിയും കോണ്‍ഗ്രസും കാലുവാരി. ഇനി വിട്ടുവീഴ്ചയ്ക്കില്ല. ചടയമംഗലം സീറ്റ് തരാമെന്ന് പറയുന്നുണ്ട്. പക്ഷേ അവിടെ മത്സരിച്ചാല്‍ രാവിലെ തന്നെ തോറ്റുപോകുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ് കുഞ്ഞ് പറയുന്നു. എന്നാല്‍ ഇരവിപുരം ആര്‍.എസ്പിക്ക് നല്‍കി കരുനാഗപ്പള്ളി വാങ്ങാനാണ് മുസ്ലിം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ജില്ലാ കമ്മറ്റി തയ്യാറുമല്ല.
ഈ സാഹചര്യം മുതലെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇരവിപുരത്ത് മത്സരിക്കാന്‍ ആര്‍ ബാലകൃഷ്ണ പിള്ള തയ്യാറാണ്. ഈ സാഹചര്യത്തില്‍ പിള്ളയ്ക്ക് സീറ്റ് നല്‍കാനാണ് നീക്കം. ഇതിലൂടെ പിള്ളയ്ക്കും ഗണേശിനും സീറ്റ് നല്‍കിയെന്ന് വരുത്തുകയും ചെയ്യാം. ഇരവിപുരത്തെ നായര്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ പിള്ളയിലൂടെ കഴിയുമെന്നാണ് സിപിഐ(എം) നിലപാട്. മുസ്ലിം സമുദായവും പിള്ളയെ പിന്തുണയ്ക്കും. പിഡിപി അടക്കമുള്ള പാര്‍ട്ടികളുമായി പിള്ളയ്ക്ക് നല്ല ബന്ധമുണ്ട്. എന്നാല്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെ മത്സരിപ്പിക്കുന്നതിനെ വി എസ് അച്യുതാനന്ദന്‍ എങ്ങനെ എടുക്കുമെന്ന ചിന്ത നേതൃത്വത്തെ അലട്ടുന്നുണ്ട്. വി എസ് നിശബ്ദനായാല്‍ ഇരവിപുരത്ത് പിള്ള ഇടത് സ്ഥാനാര്‍ത്ഥിയാകും. പിള്ളയ്ക്ക് ഇരവിപുരത്ത് ഉറപ്പായും ജയിക്കാന്‍ കഴിയുമെന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടേയും നിലപാട്.
യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ പിള്ളയ്ക്ക് രണ്ട് സീറ്റുകളുണ്ടായിരുന്നു കൊട്ടാരക്കരയും പത്തനാപുരവും. ഇതില്‍ കൊട്ടാരക്കരയിലാണ് സ്ഥിരമായി പിള്ള മത്സരിച്ച് പോന്നത്. എന്നാല്‍ പിള്ളയെ തോല്‍പ്പിച്ച് അയിഷാ പോറ്റി സീറ്റ് ഇടതുപക്ഷത്ത് എത്തിച്ചു. രണ്ട് തവണ സിപിഐ(എം) തുടര്‍ച്ചയായി മത്സരിച്ച സീറ്റ് പിള്ള ചോദിക്കുന്നുമില്ല. എന്നാല്‍ കൊല്ലം ജില്ലയില്‍ എവിടെയെങ്കിലും ഒരു സീറ്റ് കൂടി ചോദിച്ചു. ചവറയും ഇരവിപുരവുമാണ് ചോദിച്ചത്. ഇത് നല്‍കേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാല്‍ ഇരവിപുരത്തെ യുഡിഎഫിലെ തമ്മിലടിയോടെ പിള്ള മത്സരിച്ചാല്‍ സാധ്യതയുണ്ടെന്ന് സിപിഐ(എം) വിലയിരുത്തുന്നു. യുഡിഎഫ് ക്യാമ്പിലെ വോട്ടുകള്‍ പിള്ളയ്ക്ക് ചോര്‍ന്ന് കിട്ടുമെന്നാണ് വിലയിരുത്തല്‍.<
എന്നാല്‍ ആര്‍എസ്പിക്ക് ഇരവിപുരം നിര്‍ണ്ണായകമാണ്. സംസ്ഥാന സെക്രട്ടറിയുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാന്‍ അസീസ് തയ്യാറല്ല. കോവൂര്‍ കുഞ്ഞുമോനും കൂട്ടരും ഇടതുപക്ഷത്തേക്ക് പോകുമ്പോള്‍ അസീസിനേയും ഒപ്പം കൂട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരവിപുരം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ലീഗ് വോട്ടുകള്‍ പോലും തനിക്ക് കിട്ടുമെന്ന് അസീസ് കരുതി. അതുകൊണ്ട് മാത്രമാണ് യുഡിഎഫ് വിട്ടു പോകാത്തതും. അതിനാല്‍ ഇരവിപുരം കിട്ടിയേ മതിയാകൂ എന്ന് അസീസും പറയുന്നു. കൊല്ലം ജില്ലയില്‍ അസീസിന് മത്സരിച്ച് ജയിക്കാന്‍ ഇതിലും അനുയോജ്യമായ മറ്റൊരു മണ്ഡലവും ഇല്ല. അതും ആര്‍എസ്പിയെ കടുംപിടത്തത്തിന് നിര്‍ബന്ധിതരാക്കുന്നു. ഈ സീറ്റ് കോണ്‍ഗ്രസ് തങ്ങള്‍ക്ക് തന്നെ നല്‍കുമെന്നാണ് ആര്‍എസ്പിയുടെ ഇപ്പോഴുമുള്ള പ്രതീക്ഷ.
കൊല്ലം നഗരസഭയുടെ 14,15 വാര്‍ഡുകള്‍. 20 മുതല്‍ 41 വരേയുമുള്ള വാര്‍ഡുകളും കൊല്ലം താലൂക്കില്‍ ഉള്‍പ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേര്‍ന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. ഇവിടെ ആര്‍എസപി നിര്‍ണ്ണായക ശക്തിയാണ്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനും സംഘവും ഇടതുപക്ഷത്ത് എത്തിയതോടെ ആര്‍എസ്പിയുടെ ശക്തികുറഞ്ഞെന്നാണ് സിപിഐ(എം) വിലയിരുത്തല്‍. അതുകൊണ്ട് കൂടിയാണ് പിള്ളയെ രംഗത്ത് ഇറക്കി വിജയം നേടാന്‍ സിപിഐ(എം) ശ്രമിക്കുന്നത്.