മന്ത്രി കെ. ബാബുവിനെതിരേ തെളിവില്ല.സി.ബി.ഐ. അന്വേഷണം വേണ്ടെന്ന്‌ സര്‍ക്കാര്‍

കൊച്ചി: മന്ത്രി കെ. ബാബുവിനെതിരേ തെളിവില്ലെന്ന വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ റിട്ട്‌ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍ .ബാര്‍ കോഴക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി 35 സാക്ഷികളില്‍നിന്നു മൊഴിയെടുത്തെന്നും 11 രേഖകള്‍ പരിശോധിെച്ചന്നും വിജിലന്‍സ്‌ ഡിവൈ.എസ്‌.പി: എം.എന്‍. രമേശ്‌ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ വിശദീകരിച്ചു. കേസന്വേഷണം സി.ബി.ഐക്കു കൈമാറണമെന്നാവശ്യപ്പെട്ട്‌ വി.എസ്‌. സുനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിജിലന്‍സിന്റെ വിശദീകരണം.

 

“മന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണത്തില്‍ രണ്ടുതവണ ഡോ. ബിജു രമേശിനെ ചോദ്യംചെയ്‌തെങ്കിലും കെ. ബാബുവിനെതിരേ ആരോപണം ഉന്നയിക്കാത്തതു സംശയാസ്‌പദമാണ്‌. രഹസ്യമൊഴിയില്‍ കെ. ബാബുവിനെതിരായ ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ മാത്രം അടിസ്‌ഥാനത്തിലാണ്‌. മന്ത്രി ബാബുവിന്‌ അരലക്ഷം രൂപ നേരിട്ടു നല്‍കിയെന്നു ബിജു രമേശ്‌ പറഞ്ഞതു പൊടുന്നനേയാണ്‌. അതിനാല്‍ ആരോപണത്തിന്റെ നിജസ്‌ഥിതിയിലും വിശ്വാസ്യതയിലും സംശയമുണ്ട്‌. വളരെ വൈകിയാണ്‌ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. കഴിഞ്ഞ അബ്‌കാരിവര്‍ഷത്തില്‍ സര്‍ക്കാര്‍ നിലപാടുമൂലം ലൈസന്‍സ്‌ നഷ്‌ടപ്പെട്ട അബ്‌കാരിയാണ്‌ ബിജു. മജിസ്‌ട്രേറ്റ്‌ മുമ്പാകെ സമര്‍പ്പിച്ച രഹസ്യമൊഴിയില്‍, ബാര്‍ ഹോട്ടലുടമാ സംഘത്തില്‍നിന്നു പത്തുകോടി രൂപ പിരിച്ചെടുത്തതായും കെ. ബാബുവിന്റെ നിര്‍ദേശപ്രകാരം ഈ തുക പലയിടങ്ങളില്‍വച്ച്‌ കൈമാറിയതായും വെളിപ്പെടുത്തിയെങ്കിലും പണം നേരിട്ട്‌ നല്‍കിയതായി വെളിപ്പെടുത്തിയിട്ടില്ല. പുതിയ വൈന്‍-ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കാനും കോഴ കൈപ്പറ്റിയെന്ന്‌ ആരോപണം ഉന്നയിച്ചെങ്കിലും മന്ത്രി നേരിട്ടു പണം വാങ്ങിയതായി മൊഴി നല്‍കിയില്ല”- വിജിലന്‍സ്‌ ഡിവൈ.എസ്‌.പി. വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top