തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി കഴിഞ്ഞ് നേതാക്കള്‍ പുറത്തിറങ്ങി.രാജിക്കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സിഎഫ് തോമസ് പറഞ്ഞു.രാജി ഒഴിവാക്കാന്‍ മാണി തീര്‍ത്ത പ്രതിരോധം വ്യര്‍ത്ഥമാകുന്നു. ഹൈക്കോടതി പരാമര്‍ശത്തില്‍ രാജി വെക്കില്ലെന്ന മാണിയുടെ നിലപാട് യുഡിഎഫ് തള്ളി. മാണിയുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കെ എം മാണി രാജിവെക്കണമെന്ന് യുഡിഎഫ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം ലീഗ് അടക്കം എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. മാണിവിഭാഗം യുഡിഎഫില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍. കേരളാ കോണ്‍ഗ്രസിന്റെ തീരുമാനത്തിനായി യുഡിഎഫ് കാത്തിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് യോഗ തീരുമാനത്തിന് ശേഷം യുഡിഎഫ് യോഗം ചേരും.
ജോസഫ് വിഭാഗവും മാണിയെ കൈവിട്ട സ്ഥിതിയിലാണ്. രാജിക്ക് തയ്യാറല്ലെന്ന് ജോസഫ് ഗ്രൂപ്പ് എംഎല്‍എമാര്‍ വ്യക്തമാക്കി കഴിഞ്ഞു. പിജെ ജോസഫ്, ടി യു കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ മാണിക്കൊപ്പം രാജിവെക്കില്ലെന്ന് പറഞ്ഞു. വെറുക്കപ്പെട്ട നേതാവിനെ സംരക്ഷിക്കരുത് എന്ന് അജയ് തറയില്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ പിജെ ജോസഫിന്റെ വസതിയില്‍ ജോസഫ് ഗ്രൂപ്പ് വിഭാഗം ചര്‍ച്ച നടത്തി. ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കെഎം മാണി വ്യക്തമാക്കിയിരുന്നു. യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി മന്ത്രിയായി തുടരാനാണ് മാണിയുടെ തന്ത്രം. രാജി വെക്കേണ്ടി വന്നാല്‍ കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് പുറത്തു പോകുമെന്നും അപ്പോള്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നും മാണി പറയുന്നു. അതേസമയം അഞ്ച് കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാണിക്കൊപ്പം രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണ്യാടനും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.