കശ്മീരിലെ സംഭവങ്ങളെക്കുറിച്ചുള്ള ബി.ബി.സിയുടേയും റോയിറ്റേഴ്‌സിന്‍റേയും റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന പ്രസ്താവിച്ച മോദി സര്‍ക്കാറിന് മറുപടിയുമായി ബി.ബി.സി. ട്വിറ്ററിലൂടെയാണ് ബി.ബി.സി മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ബി.ബി.സി അതിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കും. കശ്മീരിലെ സംഭവവികാസങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായും ബിബിസി വ്യക്തമാക്കി. കൃത്യമായും നിഷ്പക്ഷമായുമാണ് ബിബിസി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ കശ്മീരില്‍ പല നിയന്ത്രണങ്ങളേയും മറികടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്തുവന്നാലും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തുടരുമെന്നും ബി.ബി.സി പ്രതികരിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശ്രീനഗറില്‍ 10000ത്തിലേറെപ്പേര്‍ പങ്കെടുത്ത റാലി നടന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ പിന്തുണച്ച് ബി.ബി.സി വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ‘ഇവര്‍ക്കെതിരെ ഇന്ത്യന്‍ പൊലീസ് കണ്ണീര്‍ വാതകവും പെല്ലറ്റും പ്രയോഗിച്ചതായും’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പെല്ലറ്റില്‍ നിന്നും രക്ഷപ്പെടാനായി ‘ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടേണ്ടിവന്നു’ എന്ന് ദൃക്‌സാക്ഷി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഇക്കാര്യമാണ് ഭാരതസര്‍ക്കാര്‍ നിഷേധിച്ചത്. ഈ വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വസുധ ഗുപ്ത ട്വീറ്റു ചെയ്തത്. ശ്രീനഗറിലും ബാരാമുള്ളയിലും വളരെ ചെറിയ ചില പ്രക്ഷോഭങ്ങളുണ്ടായിരുന്നെന്നും അതിലൊന്നും 20 ലേറെ ആളുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ബി.ബി.സി രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, നിരോധനാജ്ഞ നിലനില്‍ക്കുന്ന ജമ്മു കശ്മീരിലെ സ്ഥലങ്ങളിലെ മിക്ക പള്ളികളിലും പെരുന്നാള്‍ നിരസ്‌കാരത്തിന് അനുവാദമില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. സൈന്യത്തിന്റെ കര്‍ശന നിയന്ത്രണം തുടരുന്നതിനാല്‍ പെരുന്നാളായിട്ടും ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും ആളൊഴിഞ്ഞ നിലയിലാണ്.
സ്ഥിതി ശാന്തമാണെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ശ്രീനഗറില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഈദിന് തലേദിവസം തന്നെ കാലിയാവാറുള്ള ബേക്കറികളിലെല്ലാം 10% പോലും സ്‌റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
സമീപ പ്രദേശത്തെ ചെറു പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് അവകാശപ്പെടുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ വീട്ടുതടങ്കലിലായ രാഷ്ട്രീയ നേതാക്കളായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെ സമീപത്തെ പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ശനിയാഴ്ച ശ്രീനഗറില്‍ സുരക്ഷ കുറച്ചതിനു പിന്നാലെ പ്രദേശങ്ങളില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഈദ് നമസ്‌കാരത്തിനുശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷന്‍ ഷാഹിദ് ചൗധരി പറയുന്നത്. ‘ രാവിലെ ഈദ് നമസ്‌കാരം കഴിഞ്ഞശേഷം താഴ്‌വരയിലെ പല ഭാഗത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.