കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്‍. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ ഇഡിക്കും സിബിഐക്കും പരാതി നല്‍കുമെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. ഒരു എംപിയായ താന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ട് ഇന്നേവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഡിജിപി മറുപടി നല്‍കുന്നില്ല. വ്യക്തിപരമായി താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയാണ്.
ജി. ശക്തീധരന്റെ കൈതോലപ്പായ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രി പിണറായിയിലേക്കും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനിലേക്കുമാണെന്ന് കോൺഗ്രസ് എം.പി ബെന്നി ബഹനാൻ പറഞ്ഞു . ജി. ശക്തീധരൻ താമസിച്ചിരുന്ന കലൂരിലെ മുറിയിൽ ഉന്നത മാർക്സിസ്റ്റ് പാർട്ടി നേതാവ് വന്ന് 2കോടി 35 ലക്ഷം രൂപ എണ്ണിതിട്ടപ്പെട്ടുത്തിയെന്നാണ് വെളിപ്പെടുത്തൽ. ഈ പണം പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായി കൈതോലപ്പായ വാങ്ങാൻ പോയ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ആത്മബന്ധമുണ്ടായിരുന്ന മുൻ ദേശാഭിമാനി ജീവനക്കാരനാണെന്നത് ഗൗരവമുള്ള വിഷയമാണ്. ഇതിൽ കൃത്യമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവാത്തതിനാൽ ശക്തീധരൻ ഉന്നം വെച്ചിരിക്കുന്ന ആളുകളുടെ പേരുകൾ പൊതു മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്.
ജി. ശക്തീധരന്റെ ആരോപണം അനുസരിച്ച്, തിരുവനന്തപുരത്ത് നിന്ന് ടൈം സ്ക്വയറിൽ പോയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പിണറായി വിജയനാണ്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. രാഷ്ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെട്ട് ചികിത്സ തേടിയ വ്യക്തിയെന്ന് വെളിപ്പെടുത്തുന്നത് ഇ.പി ജയരാജനെയാണെന്ന് സമൂഹം സംശയിക്കുന്നു. ആരോപണം ഉന്നയിക്കപ്പെടുന്ന ലെജന്ററി ലീഡറുടെ ചേട്ടന്റെ മകൻ കെ. വേണുഗോപാലാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ ജി. ശക്തീധരനെതിരെ നയപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.
പോരാട്ടം തുടരുമെന്നാണ് ജി. ശക്തീധരന്റെ രണ്ടാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയാൽ മറ്റ് പലരുടെയും പേരുകൾ പുറത്ത് വരുമെന്ന ഭയമാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദുള്ളത്. കോൺഗ്രസ് നേതാക്കൾക്കെതിരായ കേസുകൾ നിയമപരമായി നേരിടും. കൈതോലപ്പായ കൊണ്ട് മറച്ചാലും ഒന്നും മറയ്ക്കാൻ കഴിയില്ലെന്നും ബന്നി ബഹനാൻ ആരോപിക്കുന്നു.
വെളിപ്പെടുത്തലിൽ വിശദീകരണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ രംഗത്തെത്തി. ആരും പണം കൊണ്ടു പോയതിനെപ്പറ്റി ഒന്നും പറയുന്നില്ല. കൊണ്ടുപോയ കാറിനെയും പായയെയും കുറിച്ചാണ് ചർച്ചയെന്നും ശക്തിധരൻ പരിഹസിച്ചു. ഫെയ്സ്ബുക്കിലെ പോരാട്ടം നിർത്തി സ്വന്തം സ്ഥാപനത്തിൻെറ ഓൺലൈനിലേക്ക് മാറുകയാണെന്നും അദ്ദേഹം അറിയിച്ചു.
ചില മാധ്യമങ്ങളുടെ പേര് പറഞ്ഞാണ് ആക്ഷേപം ഉന്നയിക്കുന്നത്. ദേശാഭിമാനിയുടെ പ്രൊഡക്ടായ ശക്തിധരനാണ് ആക്ഷേപം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ നിയമപരമായി നേരിടും. ശക്തിധരന്‍ ഉദ്ദേശിച്ച മന്ത്രി ആരെന്ന് അന്വേഷിക്കണമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.