പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റ നാവാകേണ്ട വീക്ഷണം ദിനപത്രത്തിന്റെ നാവ് പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാർ ചേർന്ന് അരിയുന്നു. ഗ്രൂപ്പ് കളിയുടെ ഭാഗമായി പത്രപ്രവർത്തകരെയും , സർക്കുലേഷൻ ജീവനക്കാരെയും വെട്ടി വീഴ്ത്തിയതോടെയാണ് പത്രത്തിന്റെ സർക്കുലേഷനും , പരസ്യ വരുമാനവും വൻതോതിൽ ഇടിഞ്ഞത്. നാല് മാസമായി ശമ്പളം കൂടി മുടങ്ങിയതോടെ വീക്ഷണം അടച്ച് പൂട്ടുന്ന സ്ഥിതിയിലായി.
പാർട്ടി പ്രചാരണം എന്ന ജോലി സിപിഎമ്മിന് വേണ്ടി ദേശാഭിമാനിയും ബിജെപിക്ക് വേണ്ടി ജന്മഭൂമിയുമെല്ലാം നല്ല രീതിയിൽ ചെയ്യുമ്പോൾ കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം പൂട്ടിപ്പോകുന്ന സ്ഥിതിയിലേക്ക് എത്തുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സ്ഥാപനമെന്നാണ് ലഭിക്കുന്ന വിവരം.
നാലുമാസത്തിലേറെ ശമ്പളക്കുടിശ്ശിക ആയതോടെ ജീവനക്കാർ പലരും ലീവെടുത്ത് മാറി നിൽക്കുന്നു. എല്ലാം ശരിയാക്കാമെന്ന ഉറപ്പാണ് കോൺഗ്രസ് നേതൃത്വം നൽകുന്നതെങ്കിലും കാര്യങ്ങൾ ആശാവഹമല്ല. ഇതോടെ തിരഞ്ഞെടുപ്പുകാലത്തു തന്നെ പത്രം പൂട്ടേണ്ട സ്ഥിതിയാണെന്ന് പാർട്ടിക്ക് അകത്തുതന്നെ സംസാരം ഉയർന്നുകഴിഞ്ഞു.
സി.പി ശ്രീധരനെ പത്രാധിപരാക്കി എകെ ആന്റണിയാണ് കോൺഗ്രസ് മുഖപത്രത്തിന് തുടക്കമിട്ടത്. പ്രതിസന്ധികളിലൂടെ കടന്ന് പോയ പത്രം ഏറ്റവും ഒടുവിൽ പച്ച പിടിച്ചത് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ ചുമതല ഏറ്റെടുത്തതോടെയാണ് . എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡന്റായതോടെ ബെന്നി ബഹന്നാനിൽ നിന്നും പിടി തോമസിന് ചുമതല നൽകിയതോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷമായത്. തുടർന്ന് ഇരുവരും പരസ്പരം പ്രവർത്തകരെ നിയമിക്കുകയും , ഇഷ്ടപ്പെടാത്തവരെ പിരിച്ച വിടുകയും ചെയ്തു. ഇതോടെ സ്ഥാപനത്തെ രക്ഷിക്കാൻ വിയർപ്പൊഴുക്കിയവരിൽ പലരും പടിക്ക് പുറത്തായി. ഇതോടെ പത്രത്തിന്റെ സർക്കുലേഷനും, പരസ്യവരുമാനവും ഗണ്യമായി കുറയുകയും ചെയ്തു. ഇതോടെയാണ് കടുത്ത പ്രതിസന്ധിയിലേയ്ക്ക് പത്രം എത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് പത്രത്തിന്റെ അവസ്ഥ എന്താണെന്ന് റിപ്പോർട്ട് നൽകണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പാർട്ടി പത്രത്തെ സ്വാഭാവിക അവസ്ഥയിലെത്തിക്കാനുള്ള നടപടികളൊന്നും പാർട്ടിയിൽ നിന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിൽ മുല്ലപ്പള്ളി നയിക്കുന്ന കേരള യാത്രയ്ക്കു ശേഷം പത്രത്തിന് ഫണ്ട് നൽകാമെന്ന നിർദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ, യാത്രയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് എത്തുന്നതിനാൽ ഇത് എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന് കണ്ടറിയണമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.


