ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഭാവന മനസ് തുറക്കുന്നു; വണ്ടി തട്ടി എടുത്തതിനെക്കുറിച്ചും ആവശ്യപ്പെട്ട വിഡിയോയെക്കുറിച്ചും ചെയ്ത ഉപദ്രവങ്ങളെക്കുറിച്ചും  വെളിപ്പെടുത്തല്‍

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി താനാണെന്ന് തുറന്ന് പറഞ്ഞ് ഭാവനയുടെ പുതിയ വെളിപ്പെടുത്തല്‍. ആക്രമിക്കപ്പെടുന്നതിനിടയിലും മനഃസാന്നിധ്യം വിട്ടുകളയാതെ പെരുമാറിയ ഭാവനയെയാണ് വാക്കുകളിലൂടെ കാണാനാവുക. പ്രശസ്ത സ്ത്രീ മാസികയായ വനിതയുടെ പുതിയ ലക്കത്തിലാണ് ഭാവനയുടെ മനസ്സ് തുറക്കല്‍.

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേ ക്വട്ടേഷന്‍ സംഘം ആക്രമിച്ച സംഭവത്തില്‍ വാഹനത്തില്‍ നടന്നത് ‘വനിത’യോടു തുറന്നു പറയുകയാണ് ഭാവന. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്നും പറയുന്ന ഭാവന ഈ സംഭവത്തിന്റെ പേരില്‍ താന്‍ ദുഃഖിക്കില്ലെന്നും വ്യക്തമാക്കുന്നു. തനിക്കെതിരേ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ ആണെന്നും അത് ആരാണെന്ന് സംശയം ഉണ്ടെങ്കിലും പേരു വെളിപ്പെടുത്താന്‍ തന്റെ പക്കല്‍ തെളിവില്ലെന്നും ഭാവന അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൊതുസമൂഹത്തില്‍ അവന്‍ ആരാണെന്ന് വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസിലാക്കണമെന്നും ഭാവന പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാവന പറയുന്നു…

തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാന്‍ കഴിയുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര ചെയ്യുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എന്റെ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയില്‍ ബലമായി പിടിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു.

പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യ ബോധം വീണ്ടെടുത്തത്. ‘എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് നല്ല തല്ലു കൊടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ െകാണ്ടു പോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതു കേട്ട് ഞാന്‍ സമാധാനിച്ചു. ഡ്രൈവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്‌നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു ധാരണ. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണേയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അവര്‍ എന്റെ കൈയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളില്‍ മാത്രമാണ് ഞാന്‍ കിഡ്‌നാപ്പിങ് രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയില്‍ ബലമായി പിടിച്ച് തടിയന്‍ ഗുണ്ടകള്‍, പിന്നാലെ ബൈക്കില്‍ നായകന്‍… ബഹളം കൂട്ടിയാല്‍ ഇവര്‍ ഉപ്രദവിക്കുമോ എന്നായിരുന്നു എന്റെ പേടി.

കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോടെ എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള സൈന്‍ബോര്‍ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.

ഇതിനിടയില്‍ പ്രധാനവില്ലനും കാറില്‍ കയറി. ഹണീ ബി ടുവിന്റെ ഷൂട്ടിങിന് ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണ് കാറില്‍വച്ച്, ഇത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നും പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചിച്ചോളും എന്നും പറഞ്ഞു. വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. ഇതിനിടെ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ.

ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ‘അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു പെണ്‍കുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു കൈവിടരുത്, പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതു കൊണ്ടു പറയാം.
ഭാവന മനസ് തുറക്കുന്നു

Top