മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗോ ബോസ് മലയാളത്തിന് പുറമെ സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പും മലയാളികള്‍ക്കിടയില്‍ ഇന്ന് ചര്‍ച്ചാവിഷയമാണ്. മറ്റൊന്നുമല്ല ക്രിക്കറ്റ് താരം ശ്രീശാന്ത് ഹിന്ദി പതിപ്പില്‍ മത്സരാര്‍ത്ഥിയായതുകൊണ്ട് മാത്രം. ആദ്യ ആഴ്ചയില്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമെന്ന് ഭീഷണിയുയര്‍ത്തി ശ്രീശാന്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ വീണ്ടും ബിഗ് ബോസും ശ്രീശാന്തും മാധ്യമങ്ങളില്‍ നിറയുകയാണ്. ബിഗ് ബോസില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്നത് മുന്‍ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. ഷോയില്‍ ശ്രീശാന്തിന് ആഴ്ചയില്‍ 5 ലക്ഷം രൂപയാണ് പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പന്ത്രണ്ട് ആഴ്ച നീളുന്ന ഷോയില്‍ ശ്രീശാന്ത് വിജയിയാവുമോയെന്ന് ഉറ്റുനോക്കുകയാണ് മലയാളികള്‍. ഗായകന്‍ അനൂപ് ജലോട്ടയ്ക്ക് ആഴ്ചയില്‍ 45 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുന്നത്. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്റയ്ക്കും നടി നേഹ പെന്‍ഡ്സേയ്ക്കും 20 ലക്ഷമാണ് പ്രതിഫലം. ദീപിക കക്കാറിന് 15 ലക്ഷം രൂപയാണ് ആഴ്ച തോറും ലഭിക്കുന്നത്.സഹമത്സരാര്‍ഥികളായ സബ ഖാന്‍, സോമി ഖാന്‍ എന്നിവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശ്രീശാന്ത് അവരെ തല്ലുമെന്ന് ഭീഷണി മുഴക്കിയതും വലിയ വിവാദമായി. ലക്ഷുറി ബജറ്റ് ടാസ്‌കിനിടെയായിരുന്നു സംഭവം. ശക്തമായ പോരാട്ടമാണ് ഇരുകൂട്ടരും തമ്മില്‍ നടന്നത്. ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ ശ്രീശാന്ത് ടാസ്‌കില്‍ പങ്കെടുത്തിരുന്നില്ല.
ഇതിനിടെ തന്റെ സഹമത്സരാര്‍ഥിയായ നേഹയോടുള്ള ഖാന്‍ സഹോദരിമാരുടെ ക്രൂരമായ പെരുമാറ്റമാണ് ശ്രീയെ പ്രകോപിപ്പിച്ചത്. സബ തന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങും എന്നായിരുന്നു ശ്രീയുടെ പ്രതികരണം. നേഹയുടെ അവസ്ഥ കണ്ട് ശ്രീശാന്ത് കരയുന്നതും ഷോയില്‍ കണ്ടു. എന്നാല്‍ കഴിയുമെങ്കില്‍ തന്നെ തല്ലൂ എന്ന വെല്ലുവിളിയുമായി സബ വന്നതോടെ രംഗം കൂടുതല്‍ വഷളായി. തങ്ങളോട് മാപ്പു പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെങ്കിലും ശ്രീശാന്ത് വഴങ്ങിയില്ല.