മലയാളിയ്ക്ക് വീണ്ടും ബിഗ് ടിക്കറ്റില്‍ കോടികള്‍ സമ്മാനം. കുവൈത്തില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി മാവേലിക്കുളത്ത് റോജി ജോര്‍ജാണ് 1.2 കോടി ദിര്‍ഹം അതായത് 23 കോടിയിലേറെ രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍. കോടികളുടെ സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി ഫോണ്‍ ചെയ്തപ്പോള്‍ റോജി ജോര്‍ജിന് വിശ്വസിക്കാനായില്ല. പ്രതീക്ഷയോടെയാണ് എല്ലാവരും ടിക്കറ്റെടുക്കുന്നതെങ്കിലും ഈ വിളി അപ്രതീക്ഷിതമായിരുന്നുവെന്ന് 12 വര്‍ഷമായി കുവൈത്തിലെ ഹെയ്‌സകൊ കണ്‍സ്ട്രക്ഷന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ പര്‍ച്ചെയ്‌സിങ് സൂപ്പര്‍വൈസറായ റോജി ജോര്‍ജ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ക്രിസ്റ്റി എലിസബത്തിന്റെ പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാനാണ് പദ്ധതി. നേരത്തെ പ്ലസ് ടു കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചതോടെ നേരത്തെ മടങ്ങാന്‍ ആഗ്രഹിക്കുകയാണെന്ന് റോജി പറഞ്ഞു.
ഓണ്‍ലൈനിലൂടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ഇദ്ദേഹത്തിന് ആറാം തവണ എടുത്ത മൂന്നു ടിക്കറ്റുകളില്‍ ഒന്നാണ് (014394) കോടികളുമായി തിരികെയെത്തിയതെന്നും പറഞ്ഞു. ഓരോ തവണയും മൂന്നു ടിക്കറ്റുകള്‍ വീതമാണ് എടുത്തിരുന്നത്. പ്രവാസ ജീവിതത്തിലൂടെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ച 45കാരന് വലിയ മോഹങ്ങളൊന്നും ബാക്കിയില്ല. അതുകൊണ്ടുതന്നെ തിരക്കിട്ട് തീരുമാനം എടുക്കുന്നില്ലെന്നും പണം കയ്യില്‍ കിട്ടിയ ശേഷം എന്തു ചെയ്യണമെന്ന് സാവകാശം തീരുമാനിക്കുമെന്നും പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായതിനാല്‍ പുതിയ സാഹചര്യത്തിലും അതുണ്ടാകുമെന്ന് വ്യക്തമാക്കി. ഭാര്യ എലിസബത്ത് വര്‍ഗീസ് കുവൈത്തിലെ ഇബ്ന്‍ സീന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.


