ബിഹാറില്‍ എല്ലാ വിട്ടുകൊടുത്ത് ബിജെപി; സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ വിട്ടുവീഴ്ച

പട്ന: ലോക്‌സഭ തെരഞ്ഞെടുപ്പിന് തന്ത്രങ്ങളൊരുക്കി ഒരുപടി മുന്നില്‍ ഇറങ്ങിയിരിക്കുകയാണ് ബിജെപി. ബിഹാറില്‍ ലോക്‌സഭ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മുന്നണി. എന്‍ഡിഎ ശക്തമായി തുടരുമെന്ന സന്ദേശമാണ് ബിജെപി നല്‍കുന്നത്. വിട്ടുപോകാന്‍ നിന്ന സഖ്യകക്ഷികളെ അടുപ്പിച്ച് നിര്‍ത്തുന്ന തന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത്. ഇതിനായി സീറ്റുകള്‍ കയ്യയച്ച് നല്‍കിയിരിക്കുകയാണ് അമിത് ഷാ.

ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ ബിജെപിക്കും ജെഡിയുവിനും തുല്യമായാണ് സീറ്റ് പങ്കുവെച്ചത്. ബാക്കി സീറ്റുകള്‍ രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് വിട്ടുകൊടുത്തു. ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ മൂന്ന് കക്ഷികള്‍ മാത്രമാണുള്ളത്. ഇനി യുപിഎ കക്ഷികളുടെ സീറ്റ് വിഭജനമാണ് അറിയാനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഹാറില്‍ 40 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 17 സീറ്റില്‍ ബിജെപി മല്‍സരിക്കും. 17 സീറ്റില്‍ ജെഡിയുവും മല്‍സരിക്കും. ബാക്കി ആറ് സീറ്റുകള്‍ എല്‍ജെപിക്ക് വിട്ടുകൊടുത്തു. സീറ്റ് വിഭജനം പ്രശ്നമില്ലാതെ അവസാനിച്ചത് ബിജെപിക്ക് ആശ്വാസമാണ്. ഇത്തവണ ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നതും ശ്രദ്ധേയമാണ്.

നേരത്തെ എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്ന കുശ്വാഹ സീറ്റ് വിഭജന വിവാദത്തെ തുടര്‍ന്നാണ് സഖ്യം വിട്ടത്. തൊട്ടുപിന്നാലെ രാം വിലാസ് പാസ്വാനും സീറ്റ് വിഭജന കാര്യത്തില്‍ കലഹം തുടങ്ങിയിരുന്നു. ദിവസങ്ങള്‍ പിന്നിട്ടാല്‍ പാസ്വാന്‍ നിലപാട് ശക്തമാക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു.

അതുകൊണ്ടുതന്നെയാണ് ഏറെ സമയം കളയാതെ സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം അമിത് ഷാ നടത്തിയത്. കുശ്വാഹയുടെ സീറ്റുകള്‍ ഇത്തവണ ജെഡിയുവും എല്‍ജെപിയും കൈക്കലാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചിരുന്ന ബിജെപി ഘടകകക്ഷികളുടെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങി സീറ്റുകള്‍ കുറച്ചു.

എല്‍ജെപി മുന്നണി വിടുന്നത് ഒഴിവാക്കാന്‍ അവരുടെ ആവശ്യം ബിജെപി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് സീറ്റിലാണ് എല്‍ജെപി മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ രണ്ട് സീറ്റ് അധികം കിട്ടി. കൂടാതെ പാസ്വാന് രാജ്യസഭാ സീറ്റും ഓഫര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം രാജ്യസഭയിലേക്ക് മല്‍സരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം ജനവിധി തേടുമെന്ന് അമിത് ഷാ വിശദീകരിച്ചു. ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ യാതൊരു ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുശ്വാഹ പാര്‍ട്ടി വിട്ടത് ഭിന്നത മൂലമാണോ എന്ന കാര്യത്തില്‍ അമിത് ഷാ പ്രതികരിച്ചില്ല.

Top