തിരുവനന്തപുരം:കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
2024ലെ തിരഞ്ഞെടുപ്പിൽ തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ ബിജെപിക്ക് വേണ്ടി കൈ പൊക്കും.മുഖ്യശത്രു ബിജെപിയാണെന്ന് കോൺഗ്രസിന് മനസ്സിലാകുന്നില്ല. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുളള ക്ഷണം സ്വീകരിക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കണം. കുറച്ചുപേർക്ക് ഇന്നലെയേ പോകാനുള്ള തിടുക്കമാണെന്നും ബിനോയ് വിശ്വം പരിഹസിച്ചു. രണ്ട് ഗ്രൂപ്പ് അഞ്ച് ഗ്രൂപ്പായെന്ന വിഎം സുധീരന്റെ പ്രസ്താവന പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം. കോൺഗ്രസ് നെഹ്റുവിനെ വായിക്കണം. അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ പാർലമെൻറ് സീറ്റുകളിലും എൽഡിഎഫ് വിജയിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ കൈ പൊക്കാൻ പോകുന്നത് ബിജെപിക്ക് വേണ്ടിയാകും. എൽഡിഎഫ് വിജയിച്ചാൽ കൈ പൊക്കാൻ പോകുന്നത് ഇൻഡ്യ സഖ്യത്തിന് വേണ്ടിയാണ്. ബിജെപിയോട് കോൺഗ്രസ് കടപ്പെട്ട് പോയാൽ അവസ്ഥ കഷ്ടമാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ പോയ ബിഷപ്പുമാർ വിചാരധാര വായിക്കുവാൻ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വെല്ലുവിളികൾ 2ലാണ് ക്രിസ്ത്യാനികളെ കുറിച്ച് വിചാര ധാരയിൽ പറയുന്നത്. മണിപ്പൂർ വിഷയം ഉന്നയിക്കാത്തത് കഷ്ടമായി പോയെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. സിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ മർദിച്ച സംഭവത്തിൽ നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല എന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.