സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്നു. കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കളക്‌ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഒരു ഫാമിലെ കോഴികളാണ് ചത്തത്. ഞായറാഴ്ചയാണ് കോഴികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച്. ഇന്നലെ രാത്രിയോടെ ഫലം എത്തുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികളുണ്ടാകും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളെ കൊല്ലും.
വീടിന് പിറകിലുള്ള ചെറിയ ഫാമിലെ കോഴികളാണ് രോഗം ബാധിച്ച് ചത്തത്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരടക്കം കളക്‌ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. അതേസമയം, കോഴിക്കോട് ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ കിട്ടാനില്ല. ഹോട്ടലുകാര്‍ കോഴി വിഭവങ്ങള്‍ വിളമ്പുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കോഴിക്കോട്ടെ സ്‌പെഷല്‍ കോഴി ബിരിയാണിയും കിട്ടാനില്ല. കോഴിയിറച്ചി ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഉപയോഗിക്കേണ്ടതില്ലെന്നാണ് ഹോട്ടലുകളുടെ തീരുമാനം. കോഴി വിഭവങ്ങള്‍ ഇല്ലാതായതോടെ പല ഹോട്ടലുകളുടെ കച്ചവടം നഷ്ടത്തിലായി. ഹോട്ടലുകളില്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ചില ഹോട്ടലുകള്‍ പൂട്ടിയിട്ട അവസ്ഥയുമുണ്ട്.