ന്യുഡൽഹി: അടുത്ത വർഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ സോണിയ കോൺഗ്രസ് തകരും .പഞ്ചാബിൽ 101 ശതമാനം വിജയം ഉറപ്പിച്ച് ക്യാപ്ടൻ അമരീന്ദർ സിംഗ് .ക്യാപ്ടൻ പഞ്ചാബിൽ ബിജെപിയുമായി സഖ്യം രൂപീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ഒന്നിച്ച് പോരാടുമെന്നും 101 ശതമാനം വിജയം തങ്ങൾക്കായിരിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിംഗിന്റെ കോൺഗ്രസിൽ നിന്നുള്ള പടിയിറക്കവും പുതിയ പാർട്ടി പ്രഖ്യാപനവും സംസ്ഥാനത്ത് വലിയ അട്ടിമറി ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പാർട്ടിയിലൂടെ കോൺഗ്രസിനെ താഴെയിറക്കി പഞ്ചാബ് ഭരണം പിടിക്കാൻ അമരീന്ദറിന് സാധിക്കുമോയെന്നതാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒന്നിച്ച് പോരാടും, വിജയം ഉറപ്പായും ഞങ്ങൾക്ക് തന്നെയാകും, 101 ശതമാനം വിജയവും ഞങ്ങൾക്ക് തന്നെയാകും. നിങ്ങൾക്ക് എന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കാം’ അമരീന്ദർ സിംഗ് പറഞ്ഞു. കഴിഞ്ഞ മാസമാണ് അമരീന്ദർ സിംഗ് തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റെ പ്രഖ്യാപനം നടത്തിയത്.
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലേങ്കിലും കോൺഗ്രസ് വിട്ട പിന്നാലെ തന്നെ അമരീന്ദർ ബി ജെ പിയുമായി അടുക്കുകയാണെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നു. പലപ്പോഴായി അമിത് ഷായുമായും മറ്റ് ബി ജെ പി നേതാക്കളുമായും അമരീന്ദർ നിരന്തരം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ അമരീന്ദർ ബി ജെ പിയിൽ ചേരുമോയെന്നതായിരുന്നു ചർച്ച. അതേസമയം പഞ്ചാബിൽ യാതൊരു സ്വാധീനവുമില്ലാത്ത ബി ജെ പിയിൽ ചേരാൻ ക്യാപ്റ്റൻ തയ്യാറായേക്കില്ലെന്ന് തന്നെയായിരുന്നു തുടക്കത്തിലേയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ. മാത്രമല്ല കാർഷിക നിയമങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്ന സംസ്ഥാനത്ത് ബി ജെ പിയിൽ അഭയം പ്രാപിക്കാൻ ക്യാപ്റ്റൻ തുനിയില്ലെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
ഇതിനിടയിലാണ് താൻ ബി ജെ പിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന തന്റെ പാർട്ടി പ്രഖ്യാപിക്കുന്നത്. ഇതോടെ അമരീന്ദറിന്റെ പാർട്ടി ബി ജെ പിയുമായി സഖ്യത്തിലെത്തിയേക്കുമെന്നുള്ള സാധ്യതകളും ചർച്ചയായി. എന്നാൽ കർഷക നിയമങ്ങൾ പിൻവലിക്കാതെ ബി ജെ പി സഖ്യം സാധ്യതമല്ലെന്ന നിലപാടയിലായിരുന്നു അമരീന്ദർ. അതേസമയം കോൺഗ്രസ് വിട്ട അമരീന്ദറിനെ എന്ത് വിധേനയും എൻ ഡി എയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ബി ജെ പി സജീവമാക്കിയിരുന്നു.
നിലവിൽ പഞ്ചാബിൽ തനിച്ച് ഭരിക്കാനുള്ള ശേഷിയൊന്നും ബി ജെ പിയ്ക്കില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. എന്നാൽ അമരീന്ദറിന്റെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചാൽ സംസ്ഥാനത്ത് ബി ജെ പിക്ക് അട്ടിമറി ഉണ്ടാക്കാൻ സാധിക്കും. കർഷക നിയമങ്ങളിൽ സംസ്ഥാനത്ത് അമർഷം പുകയുന്നുണ്ടെങ്കിലും കർഷകരുമായി ഏറെ ബന്ധമുള്ള അമരീന്ദറിന്റെ പിന്നിൽ അണി നിരന്നാൽ ആ പ്രതിസന്ധി മറികടക്കാം എന്നാണ് ബി ജെ പി വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കർഷക സമരത്തിന് മുന്നിൽ മുട്ട് മടക്കിയതും നിയമങ്ങൾ പിൻവലിക്കാനുള്ള തിരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടതും. നിയമം പിൻവലിച്ചതോടെ ഇരു പാർട്ടികളും കൈകോർക്കാനുള്ള വഴി തുറന്നു.
ഇപ്പോഴിതാ ബി ജെ പിയുമായി സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും തങ്ങൾക്ക് 101 ശതമാനം വിജയം ഉറപ്പാണെന്നും അമരീന്ദർ പറഞ്ഞു. കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി ജെ പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിങ്ങിന്‍റെ പ്രസ്താവന. ബി ജെ പിയുമായുള്ള സഖ്യം ഉറപ്പിച്ചിരിക്കുന്നു.
സീറ്റ് വിഭജന ചർച്ചകൾ മാത്രമാണ് ഇനി നടക്കാനുളളത്. ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വിജയ സാധ്യത മാത്രമായിരിക്കും തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം, കൂടിക്കാഴ്ചയ്ക്ക് ശേഷം അമരീന്ദർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ 101 ശതമാനം വിജയമുറപ്പാണെന്നും അമരീന്ദർ പറഞ്ഞു.
അതേസമയം അമരീന്ദറുമായി 7 വട്ട ചർച്ചകൾക്ക് ശേഷമാണ് ഇപ്പോൾ സഖ്യ ധാരണയിലെത്തിയതെന്ന് ഗജേന്ദ്ര സിംഗ് ശെഖാവത്ത് വ്യക്തമാക്കി. സഖ്യത്തിൽ കൂടുതൽ സീറ്റുകൾ ബി ജെ പി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
അതേസമയം അമരീന്ദർ- ബി ജെ പി കൂട്ട് കെട്ട് വലിയ മുന്നേറ്റങ്ങൾ തന്നെ സംസ്ഥാനത്ത് ഉണ്ടാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് കൂടുതൽ നേതാക്കൾ പാർട്ടി ബന്ധം അവസാനിപ്പിച്ച് ബി ജെ പിയിലേക്കോ ക്യാപ്റ്റനൊപ്പമോ പോകാനുള്ള സാധ്യത ഏറെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിൽ കൂട്ടത്തോടൊരു കൊഴിഞ്ഞ് പോക്ക് കോൺഗ്രസിൽ ഉണ്ടായാൽ പാർട്ടിയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയായേക്കും.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 117 അംഗ നിയമസഭയിൽ 77 സീറ്റ് ആയിരുന്നു കോൺഗ്രസ് നേടിയത്. അകാലിദൾ ബി ജെ പി സഖ്യത്തിന് ലഭിച്ചത് 68 സീറ്റുകളും. ഇത്തവണയും അധികാരം നിലനിർത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ ഉൾപ്പാർട്ടി തർക്കങ്ങൾ കോൺഗ്രസിന് സംസ്ഥാനത്ത് വലിയ വെല്ലുവിളിയാണ്. ബി ജെ പി ബന്ധം അവസാനിപ്പിച്ച അകാലിദൾ ബി എസ് പിയുമായി സഖ്യത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
117 സീറ്റുകളിൽ അകാലി ദള്‍ 97 സീറ്റുകളിലും ബിഎസ്പി 20 സീറ്റുകളിലും മത്സരിക്കുന്നത്. നേരത്തേ ബി ജെ പി മത്സരിച്ച സീറ്റുകൾ എല്ലാം ബിഎസ് പിയ്ക്കാണ് വിട്ടുനൽകിയിരിക്കുന്നത്. ആം ആദ്മിയും ഇത്തവണ ശക്തമായി തന്നെ രംഗത്തുണ്ട്. പുറത്തുവന്ന സർവ്വേകളിൽ എല്ലാം ഇത്തവണ ആം ആദ്മി പഞ്ചാബിൽ സർക്കാർ രൂപീകരിച്ചേക്കുമെന്നാണ് പ്രവചനം.
സെപ്തംബർ 18നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധുവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി. ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത്ത് സിംഗ് ഛന്നിയെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായതോടെ അമരീന്ദർ പാർട്ടിയിൽ നിന്ന് രാജിവെയ്‌ക്കുകയായിരുന്നു.