ഏറ്റവും പുതിയ വാര്‍ത്തകളയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് Like ചെയ്യുക. https://www.facebook.com/DailyIndianHeraldnews/
കോഴിക്കോട് :കേരളത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ ബിജെപി .ഈ മാസം 23, 24, 25 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര സംഭവമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ കേന്ദ്ര നേതാക്കളെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. മോദിക്കൊപ്പം 101 വിഭവങ്ങളുമായി 5000 പേര്‍ക്ക് ഓണസദ്യ ഒരുക്കിയിരിക്കുന്നു. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ കൂറ്റന്‍ പന്തല്‍ ആണ് ഒരുക്കിയിരിക്കുന്നത് .സത്യത്തില്‍ മൂന്നുദിവസം കേന്ദ്ര മന്ത്രിസഭ ഇവിടെ കേരളത്തില്‍ ആയിരിക്കും . യോഗത്തിന് മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് ഞായറാഴ്ച തുടങ്ങും.സമ്മേളനത്തിലെ 1750 പ്രതിനിധികളും സെപ്റ്റംബര്‍ 22നുതന്നെ കോഴിക്കോട്ടത്തെും. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മൂന്നുദിവസത്തെ ദേശീയ കൗണ്‍സിലിലുണ്ടാവും.ഇതോടെ ഈ മൂന്നു ദിവസങ്ങളിലും ഫലത്തില്‍ കേന്ദ്രമന്ത്രിസഭ കോഴിക്കോട്ടാണ്.
പരിപാടി ചരിത്ര വിജയമാക്കാനുള്ള കഠിന യത്‌നത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. നഗരത്തിലുടനീളം ബിജെപി പതാകകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാപരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
കോഴിക്കോട് സ്വപ്ന നഗരിയില്‍ ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന പൂര്‍ണമായും ശീതീകരിച്ച കൂറ്റന്‍ പന്തലും നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ്, മീഡിയ റൂം, മെഡിക്കല്‍ എയ്ഡ് സെന്റര്‍, എക്‌സിബിഷന്‍ കേന്ദ്രം, ഊട്ടുപുര, അടുക്കള തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പന്തല്‍. 1967നുശേഷം ആദ്യമായാണ് കോഴിക്കോട്ട് ദേശീയ സംഗമത്തിന് വേദിയാകുന്നത്. ബിജെപിയുടെ പൂര്‍വ സംഘടനയായ ജനസംഘിന്റെ പ്രസിഡന്റായി ദീന്‍ദയാല്‍ ഉപാധ്യായ തെരഞ്ഞെടുക്കപ്പെട്ട സംഗമമായിരുന്നു അത് . ഉപാധ്യായയുടെ ഒരു വര്‍ഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.
വിപുലമായ സാംസ്‌കാരിക പരിപാടികളും യോഗത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. നടി മഞ്ജു വാര്യരുടെ നൃത്തമാണ് പ്രധാന ആകര്‍ഷണം. രാമായണത്തെ ആസ്പദമാക്കി 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശാസ്ത്രീയനൃത്തമാണ് മഞ്ജു അവതരിപ്പിക്കുക. 24ന് വൈകീട്ട് സുരേഷ് ഗോപിയുടെയും കേരളത്തിലെ മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും മഞ്ജുവിന്റെ നൃത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും അടക്കമുള്ളവര്‍ നൃത്തം വീക്ഷിക്കാന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
മഞ്ജു വാര്യര്‍ ബിജെപിയില്‍ അംഗമാകാന്‍ ഒരുങ്ങുന്നതായി അടുത്തിടെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സുരേഷ് ഗോപിക്ക് പിന്നാലെ രാജ്യസഭാംഗമായി ബിജെപി പരിഗണിക്കുന്നവരില്‍ മഞ്ജു വാര്യര്‍ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ അത്തരത്തില്‍ ആലോചിച്ചിട്ടില്ലന്നെും വാര്‍ത്തയില്‍ വാസ്തവമില്ലന്നെും മഞ്ജു പ്രതികരിച്ചിരുന്നു.
സ്വപ്നനഗരിയിലെ കൂറ്റന്‍ പന്തലില്‍ സെപ്റ്റംബര്‍ 25ന് ഉച്ചക്ക് ഉത്തരേന്ത്യയിലേതടക്കം 101 വിഭവങ്ങളുടെ ഓണസദ്യയാണ് ചടങ്ങിലെ മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിക്കൊപ്പം മോദിക്കൊപ്പം 5000പേര്‍ക്ക് ഓണസദ്യ ഉണ്ണാം. മുഴുവന്‍ പ്രതിനിധികള്‍ക്കും കുടിക്കാന്‍ ഇളനീരാണ് നല്‍കുക. ജൈവപച്ചക്കറി ഉപയോഗിച്ച് ഭക്ഷണമൊരുക്കുന്നുവെന്നതാണ് സവിശേഷത. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വിളവെടുത്ത പച്ചക്കറി യോഗത്തലേന്ന് എത്തിക്കും. ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതല ബിജെപിയുടെ 14 ജില്ലാ കമ്മിറ്റികള്‍ക്കുമായി വീതിച്ചുനല്‍കിയിട്ടുണ്ട്. കോഴിക്കോട് കമ്മിറ്റിയാണ് ഇളനീര്‍, തേങ്ങ, വെളിച്ചെണ്ണ എന്നിവ നല്‍കുക. പൊന്നി, ബസ്മതി എന്നിവക്കു പുറമെ പാലക്കാടന്‍ മട്ടയുമുണ്ടാകും. സ്വപ്നനഗരിയില്‍ 5000 ചതുരശ്ര അടിയിലാണ് അടുക്കള. 15,000 ചതുരശ്ര അടിയാണ് ഊട്ടുപുര. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ സംഘമാണ് പാചകം നടത്തുക. ഉത്തരേന്ത്യന്‍ വിഭവമൊരുക്കാന്‍ ബംഗളൂരുവില്‍നിന്ന് സംഘമത്തെും. 22നാണ് പാചകപ്പുരയുടെ പാലുകാച്ചലെന്ന് ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് പറഞ്ഞു.
കടവ് റിസോര്‍ട്ട്, സ്വപ്ന നഗരി, കടപ്പുറം എന്നിവയാണ് ദേശീയ കൗണ്‍സിലിന്റെ വേദികള്‍. പ്രതിനിധികള്‍ സെപ്റ്റംബര്‍ 22നുതന്നെ കോഴിക്കോട്ടത്തെും. പിറ്റേന്ന് രാവിലെ ഒമ്പതിന് കടവ് റിസോര്‍ട്ടില്‍ ദേശീയ സെക്രട്ടറിമാരുടെ യോഗവും ഉച്ചയോടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ഒമ്പത് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗവും ചേരും. 24ന് ഉച്ചവരെ നീളുന്നതാണ് ദേശീയ നിര്‍വാഹക സമിതി യോഗം. ദേശീയ കൗണ്‍സിലിനത്തെുന്ന മുഴുവന്‍ പേര്‍ക്കും നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലാണ് താമസ സൗകര്യം. 24ന് ഉച്ചയോടെ പ്രധാനമന്ത്രിയത്തെും. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഇദ്ദേഹം ഹെലികോപ്ടറില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലത്തെും. അന്ന് വൈകീട്ട് നാലിന് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ ചടങ്ങില്‍ മാത്രമാണ് പൊതുജനങ്ങളെ പ്രവേശിപ്പിക്കുക. മോദി പങ്കെടുക്കുന്ന മറ്റ് യോഗത്തില്‍ സമ്മേളന പ്രതിനിധികള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് പ്രവേശം.
രാത്രി വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രി കഴിയുക. 25ന് രാവിലെ ഒമ്പതിന് സ്വപ്നനഗരിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം വൈകീട്ടോടെ മോദി മടങ്ങും.
യോഗത്തിന് മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് ഞായറാഴ്ച തുടക്കമാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി. രമേശ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വിദേശനയം, ദലിത് രാഷ്ട്രീയം എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. ‘മോദിസര്‍ക്കാര്‍ വേറിട്ടൊരു വിദേശനയം’ എന്ന വിഷയത്തിലുള്ള സെമിനാര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഉദ്ഘാടനം ചെയ്യും.