തൃശൂര്‍: കയ്പമംഗലത്ത് സിപിഐഎം-ബിജെപി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റ് മരണപ്പെട്ടയാളിന്‍മേല്‍ അവകാശവാദവുമായി സിപിഐഎമ്മും ബിജെപിയും. കയ്പമംഗലം സ്വദേശി സതീശനാണ്(45) മരിച്ചത്. മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന അവകാശവാദവുമായി സിപിഐഎമ്മും ബിജെപിയും രംഗത്തെത്തി. ഇത് കൂടുതല്‍ സംഘര്‍ഷസാധ്യത സൃഷ്ടിച്ചിരിക്കുകയാണ്.
മരണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം നിയോജക മണ്ഡലം, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ ബിജെപി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മര്‍ദ്ദനമേറ്റ് മരിച്ച സതീശന്‍ ബിജെപി പ്രവര്‍ത്തകനാണെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷാണ് അറിയിച്ചത്.
സിപിഐഎമ്മുകാര്‍ സതീശന്റെ വീട്ടിലും ബിജെപിക്കാര്‍ ആശുപത്രിയിലും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് കയ്പമംഗലത്ത് സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുകൂട്ടര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. നെഞ്ചില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് തളര്‍ന്ന് അവശനായ സതീശനെ തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
കയ്പമംഗലത്ത് കുറച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് മാറിയിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.