നേതൃത്വത്തിന്റെ വാക്ക് കേട്ട് മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ നാണക്കേട്. നോട്ടയ്ക്കും പിന്നിലായാണ് ബിജെപി വോട്ട് നേടിയത്. നോട്ടയ്ക്ക് 2373 വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ കരു നാഗരാജനു ലഭിച്ചത് 1417 വോട്ട് മാത്രം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക്, വാശിയേറിയ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകണക്കില്‍ ‘അദ്ഭുതം’ പ്രകടിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ രംഗത്തെത്തിയത് നേതൃത്വത്തിനു ക്ഷീണമായി.
ആര്‍.കെ.നഗറില്‍ നോട്ടയോട് പൊരുതി നാണംകെട്ട തോല്‍വിയിലേക്ക് ബിജെപിയെ എത്തിച്ചതില്‍ മെര്‍സല്‍ വിവാദവും കാരണമായെന്ന് വിലയിരുത്തല്‍. ദ്രാവിഡകക്ഷികള്‍ തമ്മിലുള്ള കടുത്ത മത്സരം നേരിട്ട് ജയിച്ചു കയറാം എന്ന പ്രതീക്ഷയൊന്നും ബിജെപിക്കില്ലായിരുന്നുവെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ മണ്ഡലത്തില്‍ വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും പാര്‍ട്ടിയുടെ വോട്ടുകള്‍ പകുതിയിലും താഴെ നഷ്ടമാക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
2016-ല്‍ ജയലളിത മത്സരിച്ച തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 2928 വോട്ടുകളായിരുന്നു ആര്‍കെ നഗറില്‍ ലഭിച്ചത്. നോട്ടയ്ക്ക് 2873 വോട്ടുകളും കിട്ടി. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 1368 ആയി ചുരുങ്ങി.നോട്ട വോട്ടുകള്‍ 2373 ആയി കുറഞ്ഞു. ജയലളിതയുടെ അകാലമരണത്തെ തുടര്‍ന്ന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രൂപംകൊണ്ട അനിശ്ചിതാവസ്ഥയില്‍ മോദിയുടെ വ്യക്തിപ്രഭാവം മുന്‍നിര്‍ത്തി വേരുകള്‍ ശക്തമാക്കാനും ശക്തരായ സഖ്യകക്ഷികളിലൂടെ അധികാരത്തിലെത്താനുമായിരുന്നു ബിജെപി ആഗ്രഹിച്ചത്. ഈ രീതിയിലുള്ള നീക്കങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് മെര്‍സല്‍ വിവാദം രൂപം കൊണ്ടത്.
ചിത്രത്തില്‍ ജിഎസ്ടിയ്‌ക്കെതിരെ വന്ന പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ളതാണെന്നായിരുന്നു തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ ആരോപണം. ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ മെര്‍സല്‍ വിവാദത്തില്‍ തമിഴ്‌നാട്ടില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള നടന്‍ വിജയിയെ ജോസഫ് വിജയ് എന്ന് വിളിച്ചു കൊണ്ട് ബിജെപി നടത്തിയ ആക്രമണം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയിലും തമിഴകത്തിലും വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. വിവാദത്തോടെ തമിഴ് ജനതയില്‍ രൂപംകൊണ്ട ബിജെപി വിരുദ്ധവികാരം രൂപം ആര്‍കെ നഗറില്‍ പ്രതിഫലിച്ചതാവാം ഇത്ര വലിയ ഒരു തോല്‍വിയിലേക്ക് പാര്‍ട്ടിയെ നയിച്ചതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.