തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബിജെപിയില്‍ ഭിന്നത. ഹര്‍ത്താല്‍ പൊളിഞ്ഞതോടെയാണ് നേതാക്കള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്.
ഹര്‍ത്താലിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള രംഗത്തെത്തി. എല്ലാ നേതാക്കളുമായും ആലോചിച്ചാണു തീരുമാനമെടുത്തത്. ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
എന്നാല്‍ ബിജെപിയുടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരുന്നു. ഏത് പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലും പൗരാവകാശ ലംഘനമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഈ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ യാതൊരു വിധ കൂടിയാലോചനകളും നടന്നിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് ഹര്‍ത്താലിനെതിരേ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാട്.
ശബരിമല സമരം മലയില്‍ നിന്നും മാറ്റി സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് മാറ്റിയത് പാര്‍ട്ടിയില്‍ വമ്പന്‍ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടയില്‍ കഴിഞ്ഞ ദിവസം കാരണമില്ലാതെ ഹര്‍ത്താല്‍ നടത്തിയതും പാര്‍ട്ടിക്കെതിരേ ജനവികാരം ശക്തമായി. ശബരിമല സമരവും ഹര്‍ത്താല്‍ വന്‍ പരാജയമായതും ബിജെപി സംസ്ഥാനത്ത് വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ കോര്‍ കമ്മറ്റിയോട് പോലും ആലോചിക്കാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന സൂചനയും പാര്‍ട്ടിയിലെ വിള്ളല്‍ വ്യക്തമാക്കുന്നു.
സെക്രട്ടറിയേറ്റിലെ സമരപ്പന്തലിനടുത്ത് നടന്ന ആത്മഹത്യയുടെ പേരിലായിരുന്നു ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇയാളുടെ മരണമൊഴി പുറത്ത് വന്നതോടെ ബിജെപിയുമായോ ശബരിമലയുമായോ യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞു. ഇതാണ് പാര്‍ട്ടിക്ക് കനത്ത ക്ഷീണം ചെയ്തത്.
അതേസമയം, സെക്രട്ടറിയേറ്റില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ പേരിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. 15 ദിവസത്തെ നിരാഹാര സമരമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. കൂടിയാലോചനകളില്ലാതെ സമരം നീട്ടിയതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്.