കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളെയും മത ന്യൂനപക്ഷ വിഭാഗങ്ങളേയും കൂടെ നിര്‍ത്താന്‍ ബിജെപി. ഭൂരിപക്ഷ സമുദായങ്ങള്‍ക്കൊപ്പം ക്രൈസ്തവരെയും കൂടെ കൂട്ടാനായാല്‍ കേരളത്തില്‍ വിജയിക്കാന്‍ ആവുമെന്ന് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നു. ഇതിന്റെ ഭാഗമായി ക്രൈസ്തവ സമുദായത്തെ ലക്ഷ്യം വച്ച് നീങ്ങാന്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന.
ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും കൂടെ നിര്‍ത്താനായാല്‍ ബി.ജെ.പി.ക്ക് കേരളത്തില്‍ ഇക്കുറി അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വൈദികരെയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും കൈയിലെടുക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി. ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഹ്വാനമുണ്ടായത്.
അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയെയും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള തന്നെ ഇടപെട്ട് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. വളരെ വേഗത്തില്‍ ഈ മേഖലയില്‍ ഇടപെടണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതേച്ചൊല്ലി പാര്‍ട്ടിയിലും പുറത്തും വിവാദങ്ങള്‍ ഉണ്ടായി. എന്നാല്‍, കേന്ദ്രത്തില്‍നിന്നുള്ള പച്ചക്കൊടിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഈ നീക്കത്തിനായി ഇറങ്ങിത്തിരിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിയില്‍ വിശദീകരിച്ചു.
ബി.ജെ.പി. ഏതെങ്കിലും ഒരു മതത്തിന്റെ പാര്‍ട്ടിയല്ലെന്നും എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നു ബോധ്യപ്പെടുത്തി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുമാണ് നീക്കം. മധ്യകേരളമാണ് പാര്‍ട്ടി പ്രധാനമായി ലക്ഷ്യമിടുന്നത്. ആദ്യ പടവ് വിജയകരമായി കടക്കാന്‍ കഴിഞ്ഞെന്നാണ് വൈദികരെ പാര്‍ട്ടിയില്‍ കൊണ്ടുവന്നതിനെ ന്യായീകരിച്ചുകൊണ്ട് ശ്രീധരന്‍ പിള്ള സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചത്. അടുത്തിടെ ആര്‍.എസ്.എസ്. സര്‍ സംഘചാലക് മോഹന്‍ ഭഗവത് ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളലാണ് നിരാകരിക്കലല്ല തങ്ങളുടെ നയമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സമന്വയത്തിന്റെ പാര്‍ട്ടിയാണ് ബി.ജെ.പി.യെന്നും ശ്രീധരന്‍ പിള്ള യോഗത്തില്‍ വ്യക്തമാക്കി.
സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ന്യൂനപക്ഷങ്ങളില്‍ ബി.ജെ.പി.യെക്കുറിച്ച് പേടിയുണ്ടാക്കിയിട്ടുണ്ട്. അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ബി.ജെ.പി.യില്‍ ചേരുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന മട്ടില്‍ ഒരു സഭാ മേധാവി നടത്തിയ വിശദീകരണത്തെ ആശ്വാസത്തോടെയാണ് ബി.ജെ.പി. നേതൃത്വം കാണുന്നത്.
ബി.ജെ.പി.യിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്നതിന് താത്ത്വികമായ പിന്‍ബലം നല്‍കുന്നതിനാണ് രാജ്നാഥ് സിങ്ങും ശ്രദ്ധിച്ചത്. എല്ലാത്തരം വിശ്വാസികളെയും ഉള്‍ക്കൊണ്ട്, ലോകമേ തറവാട് എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഈ നയങ്ങള്‍ മൂലമാണ് ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായി മാറാനായതെന്നും രാജ്‌നാഥ് സിങ് കേരള നേതാക്കളെ ഓര്‍മിപ്പിച്ചു.