ഇന്ത്യ ഒരു വഴിയമ്പലമല്ല;എങ്ങനെ വന്നാലും മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ബിജെപി നേതാവ്.

ദില്ലി: ഇന്ത്യ ഒരു വഴിയമ്പലം അല്ലെന്നും മുസ്ലിങ്ങള്‍ എങ്ങനെ രാജ്യത്തേക്ക് വന്നാലും ഇന്ത്യന്‍ പൗരത്വം നല്‍കില്ലെന്ന് ബിജെപി നേതാവ് സുനില്‍ ദിയോധാര്‍ പറഞ്ഞു. ഏത് മതത്തില്‍പ്പെട്ടവര്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ബിജെപി ദേശീയ സെക്രട്ടറി വിരുദ്ധ പ്രസ്താവന നടത്തിയത്. മൂന്ന് രാജ്യങ്ങളില്‍ നിന്ന് പീഡനം മൂലം ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് അതിവേഗം പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഈ ഭേദഗതി സാധാരണ രീതിയില്‍ പൗരത്വ അപേക്ഷ നല്‍കുന്നതില്‍ നിന്ന് ആരെയും തടയുന്നില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ബിജെപി ദേശീയ നേതാവിന്റെ പ്രതികരണം.

നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കുന്ന മുസ്ലിങ്ങളോട് യാതൊരു കാരുണ്യവും കാണിക്കില്ലെന്ന് സുനില്‍ ദിയോധര്‍ പറഞ്ഞു. ആനന്ദ്പൂരിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനത്തിന് ഇരയായി ഇന്ത്യയിലെത്തിയാലും മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കില്ലെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു.

ഇന്ത്യ ഒരു വഴിയമ്പലമാക്കാന്‍ ബിജെപി അനുവദിക്കില്ല. മുസ്ലിം രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യില്ല. അവര്‍ക്ക് പൗരത്വം നല്‍കില്ലെന്നും സുനില്‍ ദിയോധര്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കു എന്നും ബിജെപി നേതാവ് പറഞ്ഞു.


പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിര്‍ദേശമായിരുന്നു ഇത്. പക്ഷേ യാഥാര്‍ഥ്യമായില്ല. നരേന്ദ്ര മോദി സര്‍ക്കാരാണ് വാഗ്ദാനം നിറവേറ്റിയതെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു. എന്നാല്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുള്ള പരാമര്‍ശമാണ് ബിജെപി നേതാവ് നടത്തുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1950ലെ നെഹ്രു-ലിയാഖത്ത് ഉടമ്പടിയാണ് സുനില്‍ ദിയോധര്‍ സൂചിപ്പിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടുമൊരു യുദ്ധം ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലായിരുന്നു അന്നത്തെ കരാര്‍. ഇരുരാജ്യങ്ങളും അവരുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും കരാറില്‍ വ്യക്തമാക്കിയിരുന്നു.

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയാണെന്ന് സുനില്‍ ദിയോധര്‍ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നതും പൗരത്വ നിയമഭേദദഗതി നടപ്പാക്കുമെന്നതും ബിജെപിയുടെ വാഗ്ദാനങ്ങളായിരുന്നുവെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു. പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ വാക്ക് പാലിച്ചില്ല. അസമിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഇക്കാര്യത്തില്‍ കത്തയച്ചിരുന്നുവെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും മുസ്ലിങ്ങളെ ഒഴിവാക്കിയുള്ള പൗരത്വ നിയമത്തെ എതിര്‍ത്ത് രംഗത്തുണ്ട്. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയതാണ് എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.


രാഹുല്‍ ഗാന്ധിക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വാക്കുകളാണെന്ന് സുനില്‍ ദിയോധര്‍ പറഞ്ഞു. സമരക്കാരില്‍ നിന്ന് നഷ്ടം ഈടാക്കിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്നും മുസ്ലിങ്ങളുമായുള്ള സഖ്യം കോണ്‍ഗ്രസ് നേതാക്കളുടെ രക്തത്തില്‍ അലിഞ്ഞതാണെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു.

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍, ജൈന, ബുദ്ധ മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാല്‍ മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ഭരണഘടന വിരുദ്ധം അസമില്‍ നടപ്പാക്കിയ എന്‍ആര്‍സിയില്‍ 19 ലക്ഷം പേരാണ് പൗരത്വ പട്ടികയില്‍ പുറത്തായത്. ഇതില്‍ കൂടുതലും മുസ്ലിം ഇതര വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സിഎഎ നടപ്പാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ത്രിപുരയുടെയും ആന്ധ്രയുടെയും സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ നേതാവാണ് സുനില്‍ ദിയോധാര്‍. ത്രിപുരയില്‍ രണ്ടു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപിയെ അധികാരത്തില്‍ കയറ്റിയതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് സുനില്‍ ദിയോധാര്‍. യുപിയിലെ തിരഞ്ഞെടുപ്പ് ചുമതലയും ബിജെപി ഇദ്ദേഹത്തിന് നല്‍കിയിരുന്നു.പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മൊത്തം പ്രതിഷേധം അലയടിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ സെക്രട്ടറി.

Top