തെക്കേ ഇന്ത്യയിലും ബിജെപിക്ക് മരണമണി?!! കര്‍ണ്ണാടക തിരിച്ചു പിടിക്കാന്‍ ശ്രമം; കേരളത്തില്‍ പ്രതീക്ഷയില്ല

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ബിജെപി അപ്രമാദിത്വം ഏതാണ്ട് അവസാനിക്കുന്ന അവസ്ഥയിലാണ്. മൂന്ന് സംസ്ഥാനങ്ങള്‍ കൈവിട്ടതോടെ പാര്‍ട്ടിയുടെ നില വളരെ പരുങ്ങലിലായിരിക്കുകയാണ്. ഇതേ അവസ്ഥയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് പാര്‍ട്ടിക്ക് വലിയ ദേഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎ മുന്നണിയും ആകെ പ്രശ്‌നത്തിലാണ്. ഘടക കക്ഷികള്‍ പലതും പിരിഞ്ഞു പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ദക്ഷിണേന്ത്യയിലെ കാര്യം പരിശോധിച്ചാല്‍ 2014 ലെ ലോക്സഭാ ഇലക്ഷനില്‍ കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട്, കേരള എന്നീ സംസ്ഥാനങ്ങള്‍ അടങ്ങുന്ന മേഖലയില്‍ നിന്ന് 21 സീറ്റാണ് ലഭിച്ചത്. ഇതില്‍ 17 സീറ്റും കിട്ടിയത് കര്‍ണാടകയില്‍ നിന്നാണ്. തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഉരുത്തിരിയുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ബി.ജെ.പിക്ക് പ്രതീക്ഷിക്കാന്‍ വലിയ വകയില്ല. കഴിഞ്ഞതവണ കിട്ടിയ 21 സീറ്റ് നിലനിറുത്താന്‍ കഴിഞ്ഞാല്‍ തന്നെ വലിയ കാര്യമാണ് എന്ന അവസ്ഥയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞാലും പ്രാദേശിക കക്ഷികളായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, നടന്‍ പവാന്‍ കല്യാണിന്റെ ജനസേന, എ.ഐ.ഡി. എം.കെ എന്നീ കക്ഷികള്‍ക്ക് കിട്ടുന്ന ലോക്സഭാ സീറ്റുകള്‍കൂടി ചേര്‍ത്താല്‍ കഴിഞ്ഞ തവണത്തെയെങ്കിലും നമ്പര്‍ തികയ്ക്കാമെന്നാണ് നിഗമനം. തെലുങ്കാന രാഷ്ട്രസമിതിയും (ടി.ആര്‍.എസ്) ഇലക്ഷന് ശേഷം ചിലപ്പോള്‍ പിന്തുണ നല്‍കാം എന്നും പ്രതീക്ഷയുണ്ട്.

ബി.ജെ.പിയുമായി ചേര്‍ന്ന് നിന്നാല്‍ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന മുസ്‌ളിം വോട്ടുകള്‍ ചോര്‍ന്നുപോകുമോ എന്ന ഭയം വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും എ.ഐ.എ.ഡി.എം.കെയും അലട്ടുന്നുണ്ട്. മാത്രമല്ല തെലുങ്കാനയില്‍ നിന്ന് വേര്‍പെട്ട ആന്ധ്രയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ കാര്യമായ സാമ്പത്തിക പിന്തുണ നല്‍കാത്തത് അവിടത്തെ ജനങ്ങളില്‍ അതൃപ്തി വളര്‍ത്തിയിട്ടുണ്ട്. അത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ വൈ.എസ്. ആര്‍. കോണ്‍ഗ്രസിന് തിരിച്ചടിയാകും. തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെ ബി.ജെ.പിയുമായി ചേര്‍ന്നാല്‍ ജനങ്ങള്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഡി.എം.കെയ്ക്ക് വന്‍ വിജയം സമ്മാനിക്കാന്‍ പോലും അത് ഇടയാക്കിയേക്കാം.

കര്‍ണാടക

കര്‍ണാടകയില്‍ 28 ലോക്സഭാ സീറ്റാണുള്ളത്. കഴിഞ്ഞതവണ 17 എണ്ണം ബി.ജെ.പിക്ക് കിട്ടി. ഇപ്പോള്‍ കര്‍ണാടക ഭരിക്കുന്നത് ജനതാദള്‍-കോണ്‍ഗ്രസ് സഖ്യമാണ്. നവംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബെല്ലാരി ലോക്സഭാ സീറ്റ് കൈവിട്ടു പോയത് ബി.ജെ.പി നേതൃത്വത്തിന് ചെറിയ ഷോക്കല്ല നല്‍കിയത്. യെദിയൂരപ്പ തന്നെയാവും ബി.ജെ.പിയെ നയിക്കുക. ഇനി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പൊരു നേതൃമാറ്റമാെന്നും നടക്കില്ല. അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

തെലുങ്കാന

അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിഞ്ഞത്. 103 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം പോയി. 17 ലോക്സഭാ സീറ്റാണ് തെലുങ്കാനയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അതേ പാറ്റേണില്‍ ജനങ്ങള്‍ വോട്ട് ചെയ്താല്‍ ടി.ആര്‍. എസിന് 15 സീറ്റ് കിട്ടും. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സമീപനം കുറച്ച് മാറിയേക്കാം. അതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

ആന്ധ്ര

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നില്ലെന്ന ആരോപണം ഉയര്‍ത്തി വഴിപിരിഞ്ഞ് പോരാടുകയാണ് . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയോട് ചേര്‍ന്ന് നിന്ന ബി.ജെ.പിക്ക് 2 ലോക്സഭാ സീറ്റുകള്‍ ലഭിച്ചിരുന്നു. കൂട്ടുകെട്ടില്ലാതെ ബി.ജെ.പി ആന്ധ്രയില്‍ ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല.

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്. ബി.ജെ.പിക്ക് സ്വന്തം നിലയില്‍ സംസ്ഥാനത്ത് പറയത്തക്ക ഒരു ശക്തിയുമില്ല. ജയലളിത നയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ 37 സീറ്റും പിടിച്ചെടുത്തിരുന്നു. ഇത്തവണ അത് തിരിഞ്ഞ് ഡി.എം.കെയ്ക്ക് വീഴുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ജയലളിതയും കരുണാനിധിയും വിട പറഞ്ഞു. ഡി.എ.കെയെ നയിക്കാന്‍ സ്റ്റാലിനുണ്ട്. എന്നാല്‍ സ്റ്റാലിനെ നേരിടാന്‍ പോന്ന രാഷ്ട്രീയ കരുത്തുള്ള നേതാവല്ല പളനിസ്വാമി. രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പ്രഖ്യാപിച്ചതിലൂടെ ബി.ജെ.പിയുമായി ഒരു ബന്ധവും പുലര്‍ത്തില്ല എന്ന സന്ദേശം സ്റ്റാലിന്‍ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

കേരളം

കേരളം ബി.ജെ.പിക്ക് ബാലികേറാ മലയാണ്. അടുത്ത തവണയും അത് അങ്ങനെ തന്നെ തുടരാനാണ് സര്‍വസാദ്ധ്യതയും. 20 ലോക്സഭാ സീറ്റുകളില്‍ എല്‍.ഡി.എഫിന് എത്ര യു.ഡി.എഫിന് എത്ര എന്ന് എണ്ണിയാല്‍ മാത്രം മതിയാകും. ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തില്‍ നിന്ന് സീറ്റൊന്നും കണക്ക് കൂട്ടിവച്ചിട്ടുമില്ല. ശബരിമല വിഷയത്തില്‍ കുറച്ച് മേല്‍ക്കൈ നേടിയെങ്കിലും അവസാനം കുടം ഉടച്ച അവസ്ഥയിലാണ് പാര്‍ട്ടി നില്‍ക്കുന്നത്.

Top