അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വില; പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടില്ല; നിലവിളക്കു കൊളുത്താന്‍ പാടില്ല; പ്രാര്‍ഥന പാടില്ല; സിപിഎമ്മിനെ വിമര്‍ശിച്ച് കുമ്മനം

Rajasekharan_BJP

കൊച്ചി: ഭരണപക്ഷത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നൂറുദിനം തികയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കുമ്മനം എത്തിയത്. പ്രാര്‍ത്ഥന പാടില്ല, പൂജകള്‍ പാടില്ല എന്നൊക്കെ സിപിഎം ഇനി പറഞ്ഞേക്കാമെന്ന് കുമ്മനം പറയുന്നു.

ഒരു ടേം പൂര്‍ത്തിയായിട്ടും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പോലും വിതരണം ചെയ്യാനായിട്ടില്ല. ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ പൊള്ളുന്ന വില കൊടുത്തു വാങ്ങേണ്ട സ്ഥിതിലാണു ജനങ്ങള്‍. ദലിത് പീഡനങ്ങള്‍ വര്‍ധിക്കുന്നു. പൊലീസിനു നിയമപരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അക്രമങ്ങളുടെയെല്ലാം ഒരു വശത്തു സിപിഎമ്മാണ്.

ഇത്തരം പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെ നിലവിളക്കു കൊളുത്താന്‍ പാടില്ല, പ്രാര്‍ഥന പാടില്ല എന്നൊക്കെ പറയുകയാണു സിപിഎം ചെയ്യുന്നത്. ഇനി, നാമജപം പാടില്ല, പൂജകള്‍ പാടില്ല എന്നൊക്കെ പറഞ്ഞേക്കാം. ശബരിമലയില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. എല്ലാം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു സാംസ്‌കാരിക ഫാഷിസമാണ്. ഏതു ക്ഷേത്ര ഭാരവാഹികളാണ് ആര്‍എസ്എസ് ശാഖകള്‍ക്കെതിരെ പരാതി പറഞ്ഞതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയട്ടെ.

അഷ്ടമിരോഹിണി ശോഭായാത്രകള്‍ കോപ്രായമാണെന്നു സിപിഎം പറയുന്നതു മനഃപൂര്‍വമാണ്. സിപിഎമ്മിലും വിശ്വാസികളുണ്ടെന്ന് അവര്‍ മനസിലാക്കണം. തങ്ങളുടെ കൂടെയുള്ള വിശ്വാസികളെപ്പോലും സിപിഎം പരിഗണിക്കാതിരിക്കുന്നത് അവരുടെ പ്രത്യശാസ്ത്ര പ്രതിസന്ധി മൂലമാണ്. വൈരുധ്യാത്മക ഭൗതികവാദത്തിനു പകരം അഷ്ടമിരോഹിണിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതു സിപിഎമ്മിന്റെ അന്തര്‍സംഘര്‍ഷം മൂലമാണെന്നും കുമ്മനം പറഞ്ഞു.

Top