ന്യൂദല്‍ഹി: എബിവിപിക്കെതിരെ നടത്തിയ ക്യാമ്പയിനില്‍ പങ്കെടുത്ത ഗുര്‍മെഹര്‍ കൗറിനെ പിന്തുണയ്ക്കുന്നവരും പാകിസ്ഥാന്‍ അനുകൂലികളാണെന്ന് ബിജെപി മന്ത്രി. കൗറിനെ പിന്തുണയ്ക്കുന്നവരെ ചവിട്ടിപ്പുറത്താക്കണമെന്നും ഹരിയാന മന്ത്രിയായ അനില്‍വിജ്. ട്വിറ്ററിലൂടെയായിരുന്നു അനില്‍വിജിന്റെ പ്രതിരണം. പ്രസ്താവന വിവാദമായിരിക്കുകയാണ്.
ഗുര്‍മെഹര്‍ കൗര്‍ യുദ്ധത്തിനെതിരെ മുമ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സംഘപരിവാറും മറ്റുള്ളവരും വിമര്‍ശിക്കുന്നതിന് കാരണമായത്. കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ പാകിസ്ഥാനല്ല, യുദ്ധമാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് ചെയ്തിരുന്നു. ഇതേച്ചൊല്ലി ബിജെപിയും പ്രതിപക്ഷവും തമ്മില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ കനത്തതോടെയാണ് എബിവിപിക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ നിന്ന് ഗുര്‍മെഹര്‍ പിന്‍മാറിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ തന്നെ ഗുസ്തിതാരങ്ങളായി ബബിത പൊഗാട്ടും യോഗേശ്വര്‍ ദത്തും കൗറിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ മരണപ്പെട്ടത് യുദ്ധത്തിലായിരുന്നെന്നും അല്ലാതെ പാക്കിസ്ഥാന്‍ കൊന്നതല്ലെന്നുമുള്ള കൗറിന്റെ വാദത്തെ അംഗീകരിക്കുന്നില്ല എന്നായിരുന്നു ബബിത പറഞ്ഞു. ഇത് രാജ്യത്തോടും ജവാന്‍മാരോടുമുള്ള വെല്ലുവിളിയാണെന്നും ബബിത പറഞ്ഞിരുന്നു.
ദല്‍ഹി രാംജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എ.ബി.വി.പി വിരുദ്ധചേരിയെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഗുര്‍മെഹര്‍ കൗറിനെ മാനഭംഗപ്പെടുത്തുമെന്ന് എ.ബി.വി.പിക്കാര്‍ ഭീഷണിപ്പെടുത്തിയത്. കാംപയ്ന്‍ തനിക്കുവേണ്ടിയായിരുന്നില്ല വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും ഗുര്‍മെഹര്‍ അറിയിച്ചു. ഇന്റര്‍നെറ്റില്‍ അപമാനിച്ചവര്‍ക്കെതിരെ ഗുര്‍മെഹര്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.
കൗറിനെ പിന്തുണച്ചുകൊണ്ടും വളരെയധികം പേര് രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാബാലന്‍, ജാവേദ് അക്തര്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ ഗുര്‍മെഹറിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിച്ചിരുന്നു.


