പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍നിന്ന് 120 സീറ്റുകള്‍ നേടാനാണ് ബിജെപി കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലുള്‍പ്പെടെ സ്വീകരിക്കേണ്ട കര്‍മപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനത്ത മോദി തരംഗത്തില്‍ ലഭിച്ച ചില സീറ്റുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശക്തികുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഈ കുറവ് നികത്തണമെന്നും ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിരുന്നു. കോഴിക്കോട്ട് ഒക്ടോബറില്‍ ചേര്‍ന്ന കേന്ദ്ര യോഗങ്ങളില്‍ ഈ നീക്കത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കി നില്‍ക്കെ ഈ പരിപാടികള്‍ക്ക് അന്തിമ രൂപം ഭുവനേശ്വര്‍ യോഗം നല്‍കും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി പ്രതിനിധികള്‍ ഉണ്ടാകണം എന്ന ഉറച്ച ബോധ്യത്തോടെയാണ് കേരളത്തില്‍ ബിജെപി കരുക്കള്‍ നീക്കുന്നത്. ഭരണ വിരുദ്ധ വികാരത്തിലും മുന്നണികള്‍ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനും ഇടയില്‍ ശക്തമായ പ്രചരണത്തിലൂടെ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് അമിത്ഷായുടെ പൊതുവിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ തന്നെ നടത്താനാണ് അമിത് ഷായുടെ പദ്ധതി. പതിനൊന്ന് സീറ്റുകള്‍ ലക്ഷ്യമിട്ടു കൊണ്ടാണ് ബിജെപി ഇത്തവണ കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഇക്കാര്യം ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അമിത് ഷാ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ സാന്നിധ്യമുറപ്പിച്ച മണ്ഡലങ്ങള്‍, വോട്ട് ശതമാനം വര്‍ധിച്ചെങ്കിലും വിജയിക്കാന്‍ കഴിയാതെ പോയ മണ്ഡലങ്ങള്‍, മികച്ചപ്രവര്‍ത്തനം നടത്തിയാല്‍ കിട്ടാവുന്ന മണ്ഡലങ്ങള്‍, നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ച മേഖലകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം നടത്തിയ തിരുവനന്തപുരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്കുപുറമേ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള തൃശ്ശൂര്‍, പാലക്കാട് ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ ജയസാധ്യതയുള്ളവയുടെ പട്ടികയിലാണ് ദേശീയനേതൃത്വം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ അടക്കം ബിജെപി കണ്ണുവെക്കുന്നു. മോദിയെന്ന നേതാവിനെ ഉയര്‍ത്തി കാണിച്ചു കൊണ്ടായിരിക്കും ബിജെപിയുടെ പ്രചരണങ്ങളെല്ലാം മുന്നോട്ടു പോകുക. ഇതിന് വേണ്ടി മുസ്ലിംക്രിസ്ത്യന്‍ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയും സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഇപ്പോഴത്തെ എന്‍ഡിഎ സംഖ്യം വിപുലീകരിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തെ പ്രബല മുന്നണികള്‍ക്ക് പുറത്തു നില്‍ക്കുന്ന കെ എം മാണിയെ ലക്ഷ്യമിട്ടാകും പ്രധാന നീക്കങ്ങള്‍. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദവി അടക്കം വാഗ്ദാനം ചെയ്തുകൊണ്ടാകും ബിജെപി ഇതിനായി പദ്ധതി തയ്യാറാക്കുക. ജനസ്വാധീനവും മെച്ചപ്പെട്ട പ്രതിച്ഛായയുമുള്ള നേതാക്കളെ മറ്റ് പാര്‍ട്ടികളില്‍നിന്ന് ആകര്‍ഷിച്ച് ബിജെപിയിലോ എന്‍.ഡി.എ.യിലോ ചേര്‍ക്കുക എന്ന തന്ത്രം തന്നെയാകും പ്രധാനമായും ഉണ്ടാകുക.
കേരളത്തിലെ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും ബിജെപി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കരളത്തില്‍ ബിജെപി.ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കുനേരേ സി.പി.എം. വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും ഈ അക്രമങ്ങളെ സമാധാനപരമായി നേരിട്ട് സംസ്ഥാനത്ത് താമര വിരിയിക്കുമെന്നും ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
രണ്ടുദിവസത്തെ ദേശീയ നിര്‍വാഹകസമിതി യോഗം ഭുവനേശ്വറിലെ ജനതാമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാ. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി. പ്രവര്‍ത്തകര്‍ക്കുനേരേ സി.പി.എം. അക്രമപരമ്പര തുടരുകയാണ്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് അക്രമം. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അക്രമം വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ത്തന്നെ അക്രമം രൂക്ഷമാണെന്ന് ഷാ ചൂണ്ടിക്കാട്ടി. സി.പി.എം. നടത്തുന്ന അക്രമങ്ങളെ ബിജെപി.ക്ക് ഭയമില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി.
പണ്ഡിറ്റ് ദീനദയാല്‍ജി ജന്മശതാബ്ദിയുടെ ഭാഗമായി ബിജെപിയുടെ പ്രവര്‍ത്തനം ബൂത്തുതലത്തില്‍ വരെ ശക്തിപ്പെടുത്തുന്നതിനായി നാലു ലക്ഷത്തോളം മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ രംഗത്തിറക്കാനും ഒരുങ്ങുന്നുണ്ട്. പതിനഞ്ചു ദിവസമെങ്കിലും മുഴുവന്‍ സമയ പ്രവര്‍ത്തകനായി ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ദേശീയ അധ്യക്ഷന്‍ മുതല്‍ ദേശീയ,സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ വരെ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതുവരെ 3.78 ലക്ഷം പേര്‍ 15 ദിവസം മുഴുവന്‍ സമയ പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരുവര്‍ഷം മുഴുവന്‍ സമയ പ്രവര്‍ത്തകരായി 2,470 പേരും ആറുമാസം മുഴുവന്‍ സമയ പ്രവര്‍ത്തകരായി 1,441 പേരും തയ്യാറായിട്ടുണ്ട്. കൂടുതല്‍ പേര്‍ പേരുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സപ്തംബര്‍ വരെയുള്ള അഞ്ചുമാസത്തില്‍ 95 ദിവസം വിവിധ സംസ്ഥാനങ്ങളില്‍ ബൂത്ത് തല പ്രവര്‍ത്തനത്തിനായി അമിത് ഷാ മാറ്റിവെച്ചിട്ടുണ്ട്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് അമിത് ഷാ കൂടുതല്‍ ദിവസം ചെലവഴിക്കുന്നത്. കേരളത്തില്‍ ഒരാഴ്ചയില്‍ കൂടുതതല്‍ അമിത് ഷാ ചെലവിടും. ഈസമയത്താകും എന്‍ഡിഎ വിപുലീകരണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം വരിക.