ന്യുഡൽഹി: എത്ര രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചാലും പൗരത്വനിയമഭേദഗതിക്കെതിരെ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. രാഹുല്‍ഗാന്ധിയുമായി സംവദിക്കാന്‍ തയാറാണെന്നും ഷാ വ്യക്തമാക്കി. പൗരത്വനിയമത്തിന് പിന്തുണതേടിയുള്ള പ്രചാരണപരിപാടി മറ്റെന്നാള്‍ തുടങ്ങും.പൗരത്വനിയമഭേദഗതി ന്യൂനപക്ഷ വിരുദ്ധമല്ലെന്നും പ്രതിപക്ഷം കള്ളപ്രചാരണം നടത്തുന്നത് വോട്ടുബാങ്ക് ലക്ഷ്യംവച്ചാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ തുറന്നടിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രക്ഷോഭം ശക്തമാക്കാനിരിക്കെ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജസ്ഥാനിലെ ജോധ്പുരില്‍ ഷാ വ്യക്തമാക്കി.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
‘ രാഹുല്‍ ബാബ ഇതുവരെ നിയമമെന്താണെന്ന് പഠിച്ചിട്ടില്ല. ആദ്യം നിയമത്തിന്റെ പകര്‍പ്പ് രാഹുല്‍ ബാബ വായിക്കട്ടെ ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തി തരണോ അതിനും സര്‍ക്കാര്‍ തയ്യാറാണ്’ അമിത് ഷാ പറഞ്ഞു.എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങള്‍ നിങ്ങള്‍ പരത്തിക്കോളൂ ,എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും അമിത്ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ്സ് എന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ്സ് ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. തെറ്റായ വിവരങ്ങള്‍ പരത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് കോണ്‍ഗ്രസ്സ്. വിഭജനത്തിന്റെ രാഷ്ട്രീയം നന്നായി അറിയാവുന്നത് കോണ്‍ഗ്രസ്സിനാണ് അവര്‍ അത് പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു ഷാ പറഞ്ഞു. പാകിസ്താനിലടക്കം മത ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ്സ് എവിടെയായിരുന്നുവെന്നും അമിത്ഷാ ചോദിച്ചു.
പൗരത്വനിയമത്തിന് പിന്തുണതേടി ബി.ജെ.പി നേതാക്കള്‍ ഞായറായഴ്ച മുതല്‍ വീടുകള്‍ കയറിയിറങ്ങും. മൂന്നുകോടി കുടുബാംഗങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയാണ് ലക്ഷ്യം. അമിത് ഷാ ഡല്‍ഹിയിലും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലക്നൗവിലും പ്രചാരണത്തിന് തുടക്കമിടും. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു തിരുവനന്തപുരത്ത് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.