അടിമാലി: അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മഹാഭാരത യുദ്ധത്തിലെ ആണും പെണ്ണും കെട്ട ശിഖണ്ഡി കണക്കെയാണ് വി.എസ്. 1964 മുതല്‍ വി.എസിന് തന്നോട് അടുപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിലും അല്ലാതെയും വി.എസ് ആവശ്യപ്പെട്ടപ്പോള്‍ സംഭാവനകളും സഹായങ്ങളും നല്‍കിയിരുന്നു. ദേശാഭിമാനി പത്രത്തിന്‍െറ വികസനത്തിനടക്കം വര്‍ഷങ്ങളോളം തന്നില്‍നിന്ന് വന്‍തുക കൈപ്പറ്റിയിട്ടുണ്ട്. വായ്പ വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുമുണ്ട് -വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവനെ ആണിയടിച്ച് കുരിശില്‍ തറച്ച് അവഹേളിച്ചവര്‍ ശിവഗിരിയിലടക്കം കറിയിറങ്ങി ഭക്തി അഭിനയിക്കുകയാണ്. ഇത് ഈഴവ വോട്ട് ലക്ഷ്യംവെച്ചാണ്.
കോണ്‍ഗ്രസുകാര്‍ക്കുപോലും വേണ്ടാത്ത നികൃഷ്ട ജീവിയാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കോണ്‍ഗ്രസുകാരെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്.ആലപ്പുഴയില്‍ മത്സരിച്ചപ്പോഴൊക്കെ സഹായം സുധീരന്‍ സ്വീകരിച്ചിരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈഴവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ ചിഹ്നത്തില്‍തന്നെ മത്സരിക്കാം. അല്ലാത്തവര്‍ സ്വതന്ത്രരായി മത്സരിക്കണം. മുന്നാക്ക സമുദായങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തില്‍ വാഹനപ്രചാരണ ജാഥ നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.ഇടത്-വലത് നേതാക്കളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച വെള്ളാപ്പളി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ശിഖണ്ഡിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നികൃഷ്ടജീവിയുമാണെന്ന് കളിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍െറ പേരില്‍ തന്നെ ഇടത്-വലത് മുന്നണി നേതൃത്വങ്ങള്‍ സംഘടിതമായി ആക്രമിക്കുകയാണ്. ഭൂരിപക്ഷ സമുദായം ഒന്നായാല്‍ ദോഷമാകുമെന്ന തിരിച്ചറിവാണ് ഇതിന്‍െറ പിന്നില്‍. സി.പി.എം വിളറിപിടിക്കുന്നത് കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന ഭയത്തിലാണ്.
ഭൂരിപക്ഷ സമുദായമായ ഈഴവരെ മുന്‍നിരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ രോഷംപൂണ്ടാണ് തനിക്കുനേരെ തിരിയുന്നത്. തന്നെയും സമുദായത്തെയും ആക്രമിക്കുന്നതിന് പിണറായി വിജയന്‍ വി.എസിനെ പോരുകോഴിയായി ഇറക്കിവിട്ടിരിക്കുകയാണ്. അടിമാലിയില്‍ ഞായറാഴ്ച എസ്.എന്‍.ഡി.പി ജില്ലാനേതൃത്വ യോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.