ഭൂമിക്ക് ഭീഷണി അകന്നു, കൊവിഡ് ഇഫക്‌ടിൽ അമ്പരന്ന് ശാസ്‌ത്രജ്ഞർ.

ലണ്ടൻ :ലോകത്തിന് ഭീഷണിയായായി മഹാമാരി കൊറോണ നിൽക്കുകയാണ് -രണ്ടുലക്ഷത്തിനു മുകളിൽ ആളുകൾ മരിച്ചു .മുപ്പതുലക്ഷത്തിനു മുകളിൽ രോഗം .അതിനിടെ ലോകത്തിന് വലിയ ആശ്വാസമായി ഓസോൺ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞതായി ശാസ്ത്രജ്ഞർ. ഭൂമിക്ക് തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിൽ ആർട്ടിക്കിന് മുകളിലായി കാണപ്പെട്ടിരുന്ന ദ്വാരമാണ് ഇപ്പോൾ തനിയെ അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. പത്ത് കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു ദ്വാരത്തിന്.

അസാധാരണ രീതിയിൽ ഭൗമ അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങൾ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്തായാലും ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവർത്തകർക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോർട്ട്. യൂറോപ്പിൽ നിന്നുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾക്ക് കീഴിലുള്ള കോപ്പർ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്, കോപ്പർ നിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിംഗ് സർവ്വീസ് എന്നിവയാണ് ഓസോൺ പാളിയിലെ ദ്വാരം അടഞ്ഞതായി സ്ഥിരീകരിച്ചത്.

സാധാരണയായി ഒരു പ്രദേശത്ത് ഓസോൺ പാളിയിലുണ്ടാവുന്ന കനക്കുറവിനെയാണ് ഓസോൺ പാളിയിലെ ദ്വാരം എന്ന് വിളിക്കുന്നത്. പലതരത്തിലുള്ള രാസവസ്തുക്കളാണ് ഇത്തരത്തിൽ ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്നത്. സൂര്യനിൽ നിന്നും നേരിട്ട് പതിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയേയും ജീവജാലകങ്ങളേയും സംരക്ഷിക്കുന്ന കവചമാണ് ഓസോൺ പാളി. അന്റാർട്ടിക്കിനു മുകളിൽ ഓസോൺ പാളിക്ക് ശോഷണം സംഭവിക്കുന്നുവെന്ന വിവരം ആദ്യം ലോകത്തെ അറിയിച്ചത് 1980 കളുടെ മദ്ധ്യത്തിൽ ജോയ് ഫോർമാൻ, ജോനാതൻ ഷാങ്ക്‌ളിൻ, ബ്രയൻ ഗാർഡിനർ എന്നീ ശാസ്ത്രജ്ഞരാണ്. കാരണമായി കണ്ടെത്തിയത്, ക്ലോറോ ഫ്ലൂറോ കാർബൺ (CFC) എന്ന രാസവാതകവും. ഓസോൺ പാളിയെ സംരക്ഷിക്കാൻ 1985-ൽ വിയന്നയിൽ വച്ച് ലോകരാഷ്ട്രങ്ങൾ ഒരു സമ്മേളനം നടത്തി.1987 സെപ്റ്റംബർ 16-ന് മോൺട്രിയലിൽ വച്ച് ഓസോൺ പാളിയെ രക്ഷിക്കാനുള്ള ഉടമ്പടി ഒപ്പിട്ടു. ആ ദിനത്തിന്റെ ഓർമ്മയ്ക്ക് 1994-മുതൽ ഐക്യരാഷ്ട്രസഭ സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.

Top