കോഴിക്കോട്: ഹിന്ദി ചാനലായ ടിവി9 ബുധനാഴ്ച ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്‍ അന്നത്തെ പ്രചാരണം നിര്‍ത്തിവച്ചു എന്ന് റിപ്പോർട്ട് വയനാട്ടില്‍ പത്രിക നല്‍കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നതിനാലാണു പ്രചാരണം നേരത്തേ അവസാനിപ്പിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ രാഹുലിനെ സ്വീകരിക്കാനോ അദ്ദേഹം തങ്ങിയ ഗസ്റ്റ് ഹൗസിലോ രാഘവന്‍ ചെന്നില്ല എന്നതാണ് വിവരം . ഇന്നലെ ബേപ്പൂര്‍ മേഖലയിലായിരുന്നു പ്രചാരണം. ആരോപണം കത്തിനില്‍ക്കുന്നതിനാല്‍ സ്വീകരണ കേന്ദ്രങ്ങള്‍ മ്ലാനമായിരുന്നു. പ്രവര്‍ത്തകര്‍ ആവേശം കാണിച്ചില്ല. അതോടെ സ്വീകരണ കേന്ദ്രങ്ങളിലെ പ്രസംഗം ഹ്രസ്വമാക്കി, വൈകാരികത നിറച്ചുഎന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു .
നഗരത്തില്‍ ഒരു ഹോട്ടല്‍ തുടങ്ങാനെന്ന വ്യാജേന എത്തിയ ടിവി9 എന്ന ചാനല്‍ പ്രവര്‍ത്തകരുടെ സ്റ്റിങ് ഓപ്പറേഷനിലാണ് രാഘവന്റെ രാഷ്ട്രീയ ജീവിതവും തെരഞ്ഞെടുപ്പിലെ മത്സരവും കടുത്ത ആശങ്കയിലായത്. ഹോട്ടല്‍ തുടങ്ങാനാവശ്യമായ 15 ഏക്കര്‍ സ്ഥലവും മറ്റ് സൗകര്യങ്ങളും ചെയ്തുതന്നാല്‍ അഞ്ചു കോടി രൂപ തരാമെന്നായിരുന്നു ചാനല്‍ വാഗ്ദാനം. പണം എവിടെ ഏല്‍പിക്കണമെന്നു ചോദിച്ചപ്പോള്‍, ഡല്‍ഹിയിലെ തന്റെ സെക്രട്ടറിയെ കണ്ടാല്‍മതിയെന്നു രാഘവന്‍ പറയുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.
അതേസമയം എം കെ രാഘവൻ എംപിയെ കുടുക്കിയ സ‌്റ്റിങ‌് ഓപ്പറേഷനിലെ ദൃശ്യങ്ങളിലുളളത‌് കോഴിക്കോട്ടുള്ള രാഘവന്റെ ഓഫീസും പരിസരവും എന്ന് ദൃശ്യങ്ങൾ . ടി വി 9 ചാനൽ ബുധനാഴ‌്ച പുറത്തുവിട്ട ദൃശ്യങ്ങളിൽ എം കെ രാഘവൻ ചാനല്‍ സംഘവുമായി സംസാരിയ്ക്കുന്നത് അദ്ദേഹത്തിന്റെ കോഴിക്കോട‌് സിവിൽസ‌്റ്റേഷനടുത്തുള്ള മധുരവനം റോഡിലെ ഓഫീസിൽനിന്നാണെന്ന‌് ചാനൽ പറയുന്നു. ഇവിടേക്കുള്ള വഴിയും പരിസരവുമെല്ലാം ദൃശ്യങ്ങളിൽ കാണാം.ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന രാഘവന്റെ വാദങ്ങള്‍ ഇതോടെ പൊളിയുന്നു.
എംപിക്കെതിരെയുള്ള കൈക്കൂലി വാർത്ത യുഡിഎഫിന‌് കനത്ത ആഘാതമായിരിക്കയാണ് . ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതോടെ രാഘവൻ പ്രചാരണ പരിപാടി പാതിവഴിയിൽ നിർത്തി. രാവിലെ 8.30ന‌് തിരുവണ്ണൂർ അമ്മാങ്കുളം പറമ്പിൽനിന്നും ആരംഭിച്ച‌് രാത്രി 7.30ന‌് കിണാശേരിയിൽ സമാപിക്കും വിധമായിരുന്നു ബുധനാഴ‌്ചത്തെ പര്യടനം നിശ്ചയിച്ചിരുന്നത‌്. എന്നാൽ തനിക്കെതിരായ വാർത്ത ചാനലിലും സാമൂഹ്യമാധ്യമങ്ങളിലും പരന്നതോടെ എം പി പര്യടനം അവസാനിപ്പിച്ചു. എട്ട‌് സ്വീകരണ കേന്ദ്രങ്ങൾ ഒഴിവാക്കി വൈകിട്ട‌് പുതിയ ബസ‌്സ‌്റ്റാൻഡ‌് പരിസരത്തെ സ്വീകരണ സ്ഥലത്തുനിന്നാണ‌് മാറിയത‌് എന്ന് ദേശാഭിമാനിയും റിപ്പോർട്ട് ചെയ്യുന്നു .
കോഴിക്കോട്ട‌് പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യവസായിക്ക‌് വേണ്ടി കൺസൾട്ടൻസി എന്ന വ്യാജേനയാണ‌് ടി വി സംഘം മാർച്ച‌് പത്തിന‌് വൈകിട്ട‌് എംപി യെ സമീപിച്ചത‌്. ഇവരോട‌് അഞ്ച‌് കോടിയാണ‌് എം കെ രാഘവൻ ആവശ്യപ്പെടുന്നത‌്. ഉമേഷ‌് പാട്ടീൽ, കുൽദീപ‌് ശുക്ല, രാംകുമാർ, അഭിഷേക‌്കുമാർ, ബ്രിജേഷ‌് തിവാരി എന്നിവരാണ‌് സംഘത്തിലുണ്ടായിരുന്നത‌്.
കഴിഞ്ഞ രണ്ടുവട്ടം എല്‍.ഡി.എഫ്. കോട്ടതകര്‍ത്ത് യു.ഡി.എഫിന്റെ മുഖമായ എം.പി. രാഘവനെതിരായ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് കോഴിക്കോട്. തന്നെ തോല്‍പ്പിക്കുക മാത്രമാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നായിരുന്നു ബേപ്പൂരിലെ പ്രസംഗം. കുപ്രചാരണം ഏശാത്ത സ്ഥിതിക്ക് നാളെ തന്നെ കൊലപ്പെടുത്തിയെങ്കിലും തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്പിക്കാന്‍ ശ്രമിക്കും. അങ്ങനെയൊരു പാരമ്പര്യം കോഴിക്കോട്ടെ സി.പി.എം. നേതാക്കള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ചാനലായ ടിവി 9 ആണു സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്. ഇതു ബി.ജെ.പി. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരേ ഉപയോഗിക്കുന്നുണ്ടെങ്കിലും എം.കെ. രാഘവനോ കോണ്‍ഗ്രസോ അവര്‍ക്കു നേരേ വിരല്‍ ചൂണ്ടുന്നില്ലെന്നതു ശ്രദ്ധേയമാണ്.ഇതിനിടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെടുകയും മദ്യമടക്കം ഒഴുക്കിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് ഒരു ചാനലിനോടു വെളിപ്പെടുത്തുകയും ചെയ്ത എം.കെ. രാഘവന്‍ എം.പി. സ്ഥാനം രാജിവച്ചു സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറണമെന്ന് എല്‍.ഡി.എഫ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാഘവനെതിരേ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ റിട്ടേണിങ് ഓഫീസര്‍ക്കും ടിവി വാര്‍ത്തയുടെ പകര്‍പ്പു സഹിതം പരാതി നല്‍കുമെന്നു കമ്മിറ്റി ചെയര്‍മാന്‍ എളമരം കരിം അറിയിച്ചു.ഇടനിലക്കാര്‍ എന്ന വ്യാജേനയെത്തിയ വാര്‍ത്താസംഘവുമായി സംസാരിച്ചത് എം.പി. നിഷേധിക്കുന്നില്ല. ഇലക്ഷന്‍ കമ്മിഷന്‍ ഒരു സ്ഥാനാര്‍ഥിക്കു മണ്ഡലത്തില്‍ ചെലവഴിക്കാന്‍ പരമാവധി അനുമതി നല്‍കുന്ന തുക 75 ലക്ഷം രൂപയാണ്. 20 കോടിയോളം രൂപ പണമായിട്ടു മണ്ഡലത്തില്‍ ചെലവഴിക്കുമെന്ന് എം.പി. വെളിപ്പെടുത്തിയതു ഗുരുതരമായ തെരഞ്ഞെടുപ്പു ചട്ട ലംഘനമാണ്. എം.കെ. രാഘവന്റെ ഡല്‍ഹിയിലെ സെക്രട്ടറിമാരായ അനില്‍, ഷജില്‍ എന്നിവരുടെ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിക്കുന്നവര്‍ക്കു കാര്യങ്ങള്‍ വ്യക്തമാകും.
കുറ്റാരോപിതര്‍ എപ്പോഴും പറയുന്ന മറുപടിയാണു രാഘവന്‍ പറയുന്നത്. കള്ളച്ചൂതിലൂടെ രാഘവനെ നേരിടേണ്ട കാര്യം ഇടതുപക്ഷത്തിനില്ല. അഗ്രിക്കോ ഇടപാടില്‍ റവന്യു റിക്കവറി നടപടി നേരിടുന്ന രാഘവന്റെ മല്‍സരം തടയാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കുമായിരുന്നു. അതു ചെയ്തില്ല. മാര്‍ച്ച് 10ന് അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലാണു ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും സംസാരിക്കുന്നതു രാഘവനാണെന്നും മറുപടി അദ്ദേഹത്തിന്റേതാണെന്നും വ്യക്തമാണ്. ഏത് അേന്വഷണത്തെയും നേരിടാമെന്നാണ് രാഘവന്‍ പറയുന്നത്. അത്തരമൊരു പ്രസ്താവനയല്ല ഇപ്പോള്‍ ആവശ്യം-എളമരം കരീം പറഞ്ഞു.