ലക്‌നൗ: തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രചരണത്തിന് അനാവശ്യ പോസ്റ്റര്‍ ഉപയോഗിക്കരുതെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയുടെ പോസ്റ്റര്‍ വിവാദമാകുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തല അറുത്ത് കയ്യില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ ആണ് പോസ്റ്ററിലുള്ളത്.
അതുമാത്രമല്ല, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ നെഞ്ചില്‍ മായാവതി കയറി നില്‍ക്കുന്നുമുണ്ട്. സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്ത നിലപാടുകളെയും പോസ്റ്ററില്‍ ചോദ്യം ചെയ്യുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും കാളിയായി പ്രത്യക്ഷപ്പെട്ട മായാവതിയുടെ ചിത്രത്തിന് സമീപമുണ്ട്.
സംവരണ വിഷയം പുനരാലോചിക്കണമെന്ന മോഹന്‍ ഭഗവത് കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റര്‍. അംബേദ്കര്‍ ശോഭാ യാത്രയില്‍ സ്ഥാപിച്ച പോസ്റ്റര്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നീക്കം ചെയ്യുകയായിരുന്നു. മായാവതിയുടെ മാനസിക പാപ്പരത്തമാണ് പോസ്റ്ററിലൂടെ കാണിക്കുന്നതെന്ന് ബിജെപി വക്താവ് പ്രതികരിച്ചു.
ഏതാനും ദിവസം മുന്‍പാണ് ഉത്തര്‍പ്രദേശ് ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യയെ ശ്രീകൃഷ്ണനാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റര്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റര്‍ വിവാദം.