അടൂർ: അടൂർ പാവുമ്പയിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ജീവിതം ദുരിതത്തിലായത് സ്വകാര്യ ബസ് ഡ്രൈവറെ പ്രണയിച്ചതിലൂടെ. ആലപ്പുഴ താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ്(33) സ്വദേശമായ പാവുമ്പ ചിറയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അടൂരിൽ അയാട്ടാ കോഴ്‌സിന് പോകുമ്പോൾ സ്വകാര്യ ബസിൽ ഡ്രൈവറായിരുന്ന പ്രദീപാണ് വിജയലക്ഷ്മിയുടെ ജീവിതം തുലച്ചത്. ഗൾഫുകാരനായ പിതാവിന്റെയും വീട്ടമ്മയായ മാതാവിന്റെയും രണ്ട് പെൺമക്കളിൽ ഇളയവളായിരുന്നു വിജയലക്ഷ്മി. അടൂരിലേക്കുള്ള യാത്രയിൽ പ്രദീപുമായി നിത്യവും ബസിൽ കണ്ടുമുട്ടിയുണ്ടായ പരിചയവും പ്രണയവും വഴിപിരിയാനാകാത്ത വിധത്തിലായപ്പോൾ വിജയലക്ഷ്മിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പ്രദീപിനെ വിവാഹം ചെയ്തു നൽകാൻ വീട്ടുകാർ തയ്യാറായത്. വിവാഹത്തിന് സമ്മതിക്കും മുമ്പേ പ്രദീപിന്റെ സ്വഭാവവും രീതികളും ശരിയല്ലെന്ന് മനസിലാക്കിയ വീട്ടുകാർ മകളെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പാവുമ്പയിൽ വീടിന് സമീപത്തെ കുളത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ഭർത്താവ് മോഷ്ടാവും കൊലയാളിയുമായതിന്റെ അപമാനം മാത്രമല്ല ഭീഷണികളും കാരണമായെന്ന് സൂചന. വിജയലക്ഷ്മിയുടെ ഭർത്താവ് പ്രദീപ് നിരവധി മോഷണക്കേസുകളിലും ഒന്നരമാസം മുമ്പ് ബംഗളൂരുവിലെ ഒരു ഫ്‌ളാറ്റിൽ കവർച്ചയ്ക്കായി നടത്തിയ കൊലപാതകത്തിലും പ്രതിയായതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് ആറും എട്ടും വയസുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് ആത്മഹത്യയിൽ അഭയംതേടാൻ ഇടയാക്കിയത്.
വിവാഹം കഴിഞ്ഞപ്പോഴാണ് പ്രദീപിന്റെ യഥാർത്ഥ സ്വഭാവങ്ങൾ വിജയലക്ഷ്മിയ്ക്ക് മനസിലായത്. അതിരാവിലെ വീട്ടിൽ നിന്ന് എവിടേക്കെന്നില്ലാതെ പോകും. രാത്രി വൈകി തിരികെ വരും. ചില ദിവസങ്ങളിൽ കൈനിറയെ കണക്കില്ലാത്ത പണമുണ്ടാകും. റിയൽ എസ്റ്റേറ്റ്, വണ്ടിക്കച്ചവടമെന്നൊക്കെ പറഞ്ഞ് ആദ്യമൊക്കെ വിജയലക്ഷ്മിയുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട പ്രദീപിനെ ഒരിക്കൽ മാലമോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുവന്നു.
തന്റെ ഭർത്താവ് മോഷ്ടാവല്ലെന്നും വണ്ടിക്കച്ചവടവും റിയൽ എസ്റ്റേറ്റ് ബിസിനസുമാണ് ജോലിയെന്നും വാദിച്ച വിജയലക്ഷ്മിയെ മാലമോഷണത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ കാട്ടി കാര്യങ്ങൾ പൊലീസ് ബോദ്ധ്യപ്പെടുത്തുകയും പ്രദീപ് കുറ്റം സമ്മതിക്കുകയും ചെയ്തപ്പോൾ വിജയലക്ഷ്മി ഞെട്ടി.
മോഷണക്കേസിൽ ഭർത്താവ് ജയിലിലായത് നാട്ടുകാരും ബന്ധുക്കളും അറിഞ്ഞതിന്റെ അപമാനഭാരത്താൽ ജീവിച്ച അവൾ അപ്പോഴും പ്രദീപിനെ വെറുക്കാൻ തയ്യാറായില്ല. കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതോടെ പ്രദീപിനെ നേർവഴിക്ക് നയിക്കാനാകുമെന്നായിരുന്നു ആത്മാർത്ഥമായി പ്രണയിച്ചിരുന്ന വിജയലക്ഷ്മിയുടെ ധാരണ. മാലമോഷണക്കേസിൽ പ്രദീപിനെ ജാമ്യത്തിലിറക്കുകയും കേസ് നടത്താനുള്ള ശ്രമങ്ങൾക്ക് മുൻകൈയെടുക്കുകയും ചെയ്ത വിജയലക്ഷ്മി മോഷണത്തിൽ നിന്ന് പ്രദീപിനെ വഴിമാറ്റാൻ ധാരാളം ശ്രമിച്ചു.
ലോക്ക് ഡൗൺ കാലത്ത് ജോലിയില്ലാതിരിക്കുമ്പോഴും ചെലവുകൾക്കോ വീട്ടുകാര്യങ്ങൾക്കോ പ്രദീപിനെ ബുദ്ധിമുട്ടിക്കാതെ തന്റെ വീട്ടുകാരെ ആശ്രയിച്ച വിജയലക്ഷ്മി അൺലോക്കിന് ശേഷം ബംഗളൂരുവിൽ മത്സ്യക്കട തുടങ്ങി ഭർത്താവും മക്കളുമായി അവിടേക്ക് പോയി. ബംഗളൂരുവിലെ ഒരു രണ്ട് നില വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ രണ്ട് മുറികൾ വാടകയ്‌ക്കെടുത്ത് അതിലായിരുന്നു താമസം. വീടിന് കുറച്ചകലെ ഒരു ബംഗളൂരു സ്വദേശിയായ യുവാവിനെ സഹായിയായി കൂടെ കൂട്ടി ആരംഭിച്ച മത്സ്യക്കച്ചവടം തരക്കേടില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് പ്രദീപിന്റെ മനസിൽ വീണ്ടും വികല ചിന്തകളുണർന്നത്.
കടയിലെ സഹായിയെയും കൂടെ കൂട്ടി പ്രദീപ് ബംഗളൂരുവിലും കവർച്ചയ്ക്കിറങ്ങി. ആദ്യ ഒന്ന് രണ്ട് ശ്രമങ്ങൾ വിജയിച്ചതോടെ വമ്പൻ കവർച്ചകളുടെ ആസൂത്രണമായി. ഈ സമയം പൊലീസ് പുതുതായെത്തിയ മോഷ്ടാക്കൾക്കായുള്ള പരതലും തുടങ്ങി. പൊലീസിന്റെ നിരീക്ഷണം തുടരുമ്പോൾ തന്നെ ബംഗളൂരുവിലെ ഒരു ഫ്‌ലാറ്റിൽ കവർച്ചയ്ക്കിടെ പ്രദീപും കൂട്ടാളിയും വീട്ടുടമയെ കൊലപ്പെടുത്തി. പൊലീസ് തികഞ്ഞ ജാഗ്രതയിലായി. മണിക്കൂറുകൾക്കം സഹായി പൊലീസിന്റെ പിടിയിലായി. സഹായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദീപിനെ അന്വേഷിച്ച് പൊലീസ് ബംഗളൂരുവിലെ വാടകവീട്ടിലെത്തിയപ്പോഴേക്കും ഭാര്യയെയും മക്കളെയും നാട്ടിലേക്ക് വിട്ടശേഷം പ്രദീപ് മുങ്ങി. അടഞ്ഞുകിടന്ന വാടകവീട് കുത്തിത്തുറന്ന പൊലീസിന് കള്ളനോട്ട് നിർമ്മിക്കുന്ന കമ്മട്ടങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് അവിടെ നിന്ന് ലഭിച്ചത്.
കള്ളനോട്ട് നിർമ്മാണത്തിനും പ്രദീപിനും ബംഗളൂരി യുവാവിനുമെതിരെ കേസെടുത്ത ശേഷം കേരളപൊലീസിന്റെ സഹായത്തോടെ പ്രദീപിനെ താമരക്കുളത്തെ വീട്ടിൽ നിന്ന് ബംഗളൂരുപൊലീസ് പിടികൂടി. ബംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രദീപ് ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
ജീവിതം വഴിതെറ്റിയതിന്റെ നിരാശയോടെ പാവുമ്പയിലെ സ്വന്തം വീട്ടിൽ കാൻസർ രോഗിയായ അമ്മയ്‌ക്കൊപ്പം കഴിയുകയായിരുന്ന വിജയലക്ഷ്മിയെ പ്രദീപിന്റെ ബന്ധുക്കളിൽ ചിലരെത്തി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. പ്രദീപിനെ ജാമ്യത്തിലിറക്കാനും മറ്റുമായി അഞ്ചുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. പ്രദീപിനെ രക്ഷിക്കാൻ ഇനി താനില്ലെന്ന് വെളിപ്പെടുത്തിയ വിജയലക്ഷ്മിയെയും കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഇവർ വിരട്ടി.
പട്ടാഭിരാമൻ സിനിമയിൽ നായികയുടെ കൂട്ടുകാരിയായി അഭിനയിച്ച വിജയലക്ഷ്മി എങ്ങനെയെങ്കിലും കുട്ടികളുമായി ജീവിക്കാനുള്ള മാർഗങ്ങളെപ്പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ് ഭീഷണികളുണ്ടായത്.പ്രദീപിന്റെ നിർദ്ദേശാനുസരണമാണ് ഇതെന്നാണ് കരുതുന്നത്. അപമാനത്തിന് പുറമേ ഭീഷണികൂടിയായതോടെ തളർന്നുപോയ വിജയലക്ഷ്മി താൻ ജീവനൊടുക്കുമെന്ന് അമ്മയോട് പറഞ്ഞിരുന്നെങ്കിലും മകളെ സമാധാനിപ്പിച്ച അമ്മ അത് അത്രകാര്യമാക്കിയില്ല. സംഭവത്തിന്റെ തലേരാത്രി ഉറങ്ങാതെകിടന്ന വിജയലക്ഷ്മി നേരം പുലരുംമുമ്പാണ് ക്ഷേത്രത്തിലേക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങി വീടിന് സമീപത്തെ മരണച്ചിറയെന്ന ദുഷ്‌പേരുള്ള ചിറയിൽ തന്റെ ജീവിതം അവസാനിപ്പിച്ചത്. ഏഴും അഞ്ചും വയസുള്ള രണ്ടു മക്കളുണ്ട്. സഹോദരി: ദീപ.
വിജയലക്ഷ്മിക്ക് കൊവിഡായിരുന്നതിനാൽ വീട്ടുകാർ ക്വാറന്റൈനിലാണ്. ക്വാറന്റൈനിനു ശേഷം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകാനുള്ള തീരുമാനത്തിലാണ് വീട്ടുകാർ.


