കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മറുപടി പറയേണ്ടി വരും !

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ നടക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ​എക്സിറ്റ് പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. പോളിങ്ങ് ശതമാനം കുറഞ്ഞതും തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്നു.അതേസമയം യുഡിഎഫ് ക്യാമ്പില്‍ ഒട്ടും പന്തിയല്ല കാര്യങ്ങള്‍. പോളിങ് ശതമാനം കുറഞ്ഞത് കനത്ത തിരിച്ചടിയാകും എന്ന വിലയിരുത്തല്‍ യുഡിഎഫിനുള്ളില്‍ ഉണ്ട്. കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകള്‍ പോലും നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നേതാക്കള്‍. അതേസമയം കോണ്‍ഗ്രസ് കോട്ടകള്‍ പൊളിഞ്ഞാല്‍ വന്‍ ഉടച്ച് വാര്‍ക്കലിനാകും കോണ്‍ഗ്രസില്‍ വഴി ഒരുങ്ങുക.

ഇക്കുറി യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റുകളായ വട്ടിയൂര്‍ക്കാവിലും കോന്നിയിലും അട്ടിമറി വിജയം നേടാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലതും ഇരു മണ്ഡലങ്ങളിലും എല്‍ഡിഎഫിന്‍റെ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. കുറഞ്ഞത് അയ്യായയിരം വോട്ടിന്‍റെ ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡലത്തിലെ പോളിങ്ങ് ശതമാനം കുറഞ്ഞതും എല്‍ഡിഎഫിന്‍റെ പ്രതീക്ഷ ഏറ്റുന്നുണ്ട്. ബിജെപിയുടേയും യുഡി​എഫിന്‍റേയും വോട്ടുകളാണ് പോള്‍ ചെയ്യപ്പെടാതിരുന്നതെന്നാണ് സിപിഎം കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ ഇക്കുറി വികെ പ്രശാന്തിലൂടെ മണ്ഡലം സിപിഎമ്മിന്‍റെ കൈകളിലേക്ക് എ​ത്തുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ വട്ടിയൂര്‍ക്കാവില്‍  പരാജയം രുചിച്ചാല്‍ വലിയ പൊട്ടിത്തെറിക്കാക്കും കോണ്‍ഗ്രസില്‍ വഴിവെയ്ക്കുക.ഒരു പരിധി വരെ മണ്ഡത്തിലെ മുന്‍ എംഎല്‍എയും നിലവിലെ എംപിയുമായ കെ മുരളീധരനും പ്രതികൂട്ടിലാകും. വട്ടിയൂര്‍ക്കാവില്‍ മുന്‍ എംപി പീതാംബര കുറിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോടായിരുന്നു മുരളീധരന് താത്പര്യം. എന്നാല്‍ അവസാന നിമിഷം മോഹന്‍ കുമാറിനെ നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതിനെതിരെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനും മുരളീധരന്‍ സജീവമായിരുന്നില്ല. ഇതോടെ കെപിസിസി വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് മുരളധീരന്‍ തിരഞ്ഞെടുപ്പ് വേദികളില്‍ സജീവമായത്. നിര്‍ണായകമായ എന്‍എസ്എസ് ഉള്‍പ്പെടെ യുഡിഎഫിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടും പരാജയം രുചിച്ചെങ്കില്‍ അതിന് മുരളീധരന്‍ കൂടി സമാധാനം പറയേണ്ടി വരും.

കോന്നിയിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. ഇത്തവണ കോന്നിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. 1996 ന് ശേഷം കൈവിട്ട മണ്ഡലം പക്ഷേ ഇക്കുറി കെയു ജനീഷിലൂടെ സിപിഎമ്മിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. യുഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളില്‍ പോളിങ്ങ് ശതമാനം കുറഞ്ഞതും എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ്ങ് ശതമാനം ഉയര്‍ന്നതും സിപിഎമ്മിനെ പ്രതീക്ഷ നല്‍കുന്നുണ്ട്.

പാലായ്ക്ക് പുറമെ 16 വര്‍ഷം ഭരിച്ച കോന്നിയും കൈവിട്ടാല്‍ യുഡിഎഫിന് അത് കനത്ത തിരിച്ചടിയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുംപിടിത്തം കാണിച്ച അടൂര്‍ പ്രകാശും ഇതോടെ പ്രതികൂട്ടിലാകും.

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആവശ്യം. എന്നാല്‍ കെപിസിസി നേതൃത്വം ഇത് തള്ളി. വിട്ട് നിന്നു ഇതോടെ നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ അടൂര്‍ പ്രകാശ് രംഗത്തെത്തി. പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. നേതൃത്വം ഇടപെട്ടായിരുന്നു അടൂര്‍ പ്രകാശിനെ മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിച്ചത്. തിരഞ്ഞെടുപ്പ് കഴിയും വരെ മണ്ഡലത്തില്‍ തുടരണമെന്നും നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു.

വോട്ടെടുപ്പ് ദിവസം തന്നെ അടൂര്‍ പ്രകാശ് കുടുംബ സമേതം ഡല്‍ഹിയില്‍ പോയി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്. ഈ സാഹചര്യത്തില്‍ കോന്നിയിലും പരാജയം രുചിച്ചാല്‍ അത് ഒരു തുറന്ന പോരിലേക്ക് തന്നെ കാര്യങ്ങള്‍ എത്തിച്ചേക്കും. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അരൂരില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ അരൂരിലും കൂടുതല്‍ പേര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തും. അങ്ങനെ സംഭവിച്ചാല്‍ വരാനിരിക്കുന്ന പുനസംഘടനയില്‍ വന്‍ ഉടച്ചുവാര്‍ക്കലുകള്‍ തന്നെ ഉണ്ടായേക്കും.

Top