മുരളിയേയും അടൂർ പ്രകാശിനെയും തള്ളി കോൺഗ്രസ് !!വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറും കോന്നിയിൽ പി.മോഹന്‍ രാജും മത്സരിക്കും.ഇളിഭ്യരായി മുരളിയും പ്രകാശും

കൊച്ചി:കോൺഗ്രസിലെ രാജാക്കന്മാരാകാൻ ശ്രമിച്ച മുരളിയും അടൂർ പ്രകാശും ഇളിഭ്യരായി.ഇവരുടെ എതിർപ്പുകളെ മറികടന്നു വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറും കോന്നിയിൽ പി.മോഹന്‍ രാജും മത്സരിക്കും എന്ന് പുതിയ റിപ്പോർട്ട് .കോന്നിയില്‍ പി.മോഹന്‍രാജിനേയും സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനമായി എന്നാണു പുതിയ വിവരം . വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെ മറികടന്ന് മോഹന്‍കുമാറിനെ തീരുമാനിച്ചതിന് സമാനമായാണ് കോന്നിയില്‍ മോഹന്‍രാജിനെയും തീരുമാനിച്ചത്.

എറണാകുളത്ത് ടി.ജെ വിനോദാണ് സ്ഥാനാര്‍ഥി. എ,ഐ ഗ്രൂപ്പുകള്‍ സീറ്റ് വച്ചുമാറുന്നതിനെ ആശ്രയിച്ചിരിക്കും അരൂരിലെ സ്ഥാനാര്‍ഥി. അന്തിമ പട്ടിക ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറുമെന്നാണ് വിവരം.പ്രമാടം പഞ്ചായത്ത് പ്രസിഡണ്‍് റോബിന്‍ പീറ്ററിനെയായിരുന്നു അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഇത് തള്ളി മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍ രാജിനെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കണമെന്നതില്‍ അടൂര്‍ പ്രകാശ് ഉറച്ചുനില്‍ക്കുകയാണ്. അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. റോബിനെ മാറ്റിയതിനെതിരെ കോന്നിയില്‍ പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.

ഹിന്ദുഭൂരിപക്ഷ മണ്ഡലത്തില്‍ മോഹന്‍രാജ് മത്സരിക്കുന്നതാവും ഉചിതമാവുമെന്നാണ് കോണ്‍ഗ്രസിന്റെ അനുമാനം. ഡി.സി.സിയുടെയും എന്‍.എസ്.എസിന്റേയും ഈ നിലപാടാണ് ഐ ഗ്രൂപ്പിന്റ മണ്ഡലമായ കോന്നിയില്‍ എ ഗ്രൂപ്പുകാരനായ പി.മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കാരണം.കോന്നിയില്‍ മോഹന്‍രാജ് സ്ഥാനാര്‍ഥിയായതോടെ എയുടെ കൈവശമുള്ള അരൂര്‍ സീറ്റ് ഐ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഐയ്ക്ക് സീറ്റ് കിട്ടിയാല്‍ ഷാനിമോള്‍ ഉസ്മാനെ മല്‍സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മോഹന്‍കുമാര്‍ മത്സരിക്കുമെന്ന് തീരുമാനം. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തീരുമാനം. മോഹന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ആദ്യം എതിര്‍ത്ത കെ.മുരളീധരനെ നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍കുമാര്‍ നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നാണ് വിവരം.
എം.പി കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച പീതാംബരകുറുപ്പിനെതിരെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് കെ.മോഹന്‍കുമാറിന്റെ പേര് ഉയര്‍ന്നുവന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും യുവജന കമ്മീഷന്‍ അംഗവുമായ ആര്‍. രാജേഷിന്റെ പേരായിരുന്നു മുരളീധരന്‍ രണ്ടാമത് നിര്‍ദേശിച്ചത്. മുരളീധരന്‍ മറ്റൊരു പേര് നിര്‍ദേശിച്ചതോടെ വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്.

പാലക്കാട് മനുഷ്യാവകാശകമ്മീഷന്റെ പരിപാടി റദ്ദാക്കി തിരുവനന്തപുരത്ത് എത്തിയ മോഹന്‍കുമാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. മോഹന്‍കുമാറിനെ പരിഗണിക്കുന്നതില്‍ മുരളീധരന് എതിര്‍പ്പുള്ളതായുള്ള വാര്‍ത്തകള്‍ ഇതിനകംതന്നെ പുറത്തുവന്നിരുന്നു. ഇതോടെ മോഹന്‍കുമാര്‍ മുരളീധരനുമായും ചര്‍ച്ച നടത്തി.

Top