വിധിനിര്‍ണയം നാളെ.മുന്നണികൾക്ക് ചങ്കടിപ്പ് .അട്ടിമറിയോ തുടര്‍ച്ചയോ !വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ഉപതിരഞ്ഞെടുപ്പു നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്തുവരും. അതേസമയം വോട്ടെടുപ്പിന് പിന്നാലെയുള്ള എക്‌സിറ്റ് പോളുകളെ തള്ളിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. അട്ടിമറിയും തുടര്‍ച്ചയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിവിധ മുന്നണികള്‍. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനാകുമോ, അതോ കൈവിടുമോ, പിടിച്ചെടുക്കാനാകുമോ, ജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനം ലഭിക്കുമോ തുടങ്ങിയ ചര്‍ച്ചകളിലാണ് തിരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ മൂന്നാം നാളിലും മൂന്നു മുന്നണികളും.

സംസ്ഥാനത്ത് ആദ്യമായി ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച് നടന്ന ഉപതിരഞ്ഞെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ കുതിക്കാനൊരുങ്ങിയ യു.ഡി.എഫ്. പാലാ നല്‍കിയ ആത്മവിശ്വാസത്തില്‍ തിരിച്ചുവരവിനൊരുങ്ങിയ എല്‍.ഡി.എഫ്. മൂന്ന് മണ്ഡലങ്ങളിലെങ്കിലും ത്രികോണ മല്‍സരപ്രതീതി സൃഷ്ടിച്ച് എന്‍.ഡി.എ. ഉപതിരഞ്ഞെടുപ്പെങ്കിലും പൊതുതിരഞ്ഞെടുപ്പിന് സമാനമായ പോരാട്ടവീര്യവും വാശീയും തീര്‍ത്തായിരുന്നു പ്രചാരണം. ആ പോരാട്ടത്തിന്റെ വിജയികളെ അറിയാന്‍ ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. രാവിലെ എട്ടരയോടെ ആദ്യലീഡ് അറിയാം.ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. അങ്ങിനെ ഉച്ചയ്ക്ക് മുന്‍പ് ഫലപ്രഖ്യാപനം. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പിന്നാലെ വോട്ട് കച്ചവട ആരോപണങ്ങള്‍ തുടരുന്നതിനാല്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയുമുണ്ട്. പലമണ്ഡലങ്ങളിലും എണ്ണിയാല്‍ മാത്രമേ എന്തെങ്കിലും പറയാനാവു എന്ന തരത്തിലാണ് മുന്നണികളുടെ യഥാര്‍ത്ഥ അവലോകനമെന്നതിനാല്‍ നാളത്തെ ദിനം വിധിദിനം തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരൂരില്‍ ഷാനിമോള്‍ ഉസ്മാനോടു സ്ത്രീ വോട്ടര്‍മാര്‍ക്കുള്ള പ്രത്യേക താല്‍പര്യം ഫലത്തില്‍ കാണുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ ഏതു സാഹചര്യത്തിലായാലും തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുമെന്നു എല്‍ഡിഎഫ് ഉറപ്പിക്കുന്നു. എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളും. ശക്തമായ ത്രികോണപ്പോരിന് വേദിയായ വട്ടിയൂര്‍ക്കാവില്‍ മണ്ഡല രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ പതിനായിരത്തിലേറെ വോട്ടുകളുടെ കുറവ് ആരെ തുണയ്ക്കുമെന്നതാണ് നിര്‍ണായകം. വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 62.66 ശതമാനമാണ് പോളിങ്. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലും 69 ശതമാനം പോളിങ് രേഖപ്പെടുത്തിയിടത്താണിത്.

യുഡിഎഫ് വിജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാള്‍ വോട്ടിങ് ശതമാനം കുറഞ്ഞത് അനുകൂലമാകുമെന്ന കണക്കു കൂട്ടലിലാണ് എല്‍ഡിഎഫ്. പരമ്ബരാഗത മേഖലകളില്‍ പോളിങ് കുത്തനെ കുറഞ്ഞതാണ് യുഡിഎഫിനെ ആശങ്കയിലാക്കുന്നത്. എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ കുറഞ്ഞ പോളിങാണ് ഇതിനു കാരണം. ഉറച്ച കേന്ദ്രങ്ങളില്‍ പോലും അമ്ബതു ശതമാനത്തോളം പേര്‍ മാത്രമാണ് വോട്ടു ചെയ്തതെന്ന കണക്കാണ് യുഡിഎഫിനു ലഭിച്ചത്. ഇതാണ് എറണാകുളം നഷ്ടപ്പെടുമോ എന്ന ആശങ്കയിലേക്കു യുഡിഎഫിനെ കൊണ്ടെത്തിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ സത്രീ വോട്ടര്‍മാരില്‍ വലിയ ശതമാനം ബൂത്തിലെത്തിയില്ല. ഇതില്‍ ബഹുഭൂരിപക്ഷവും യുഡിഎഫ് വോട്ടുകളാണെന്ന കണക്കാണ് എല്‍ഡിഎഫിന്റെ പക്കലുള്ളത്. സംഘടനാ സംവിധാനത്തിന്റെ കരുത്തില്‍ എല്‍ഡിഎഫ് തങ്ങളുടെ പരമാവധി വോട്ടുകള്‍ ചെയ്യിപ്പിച്ചപ്പോള്‍ സാധാരണ ഓപ്പണ്‍ വോട്ടു ചെയ്യിക്കുന്നവരെ പോലും ബൂത്തിലെത്തിക്കാന്‍ യുഡിഎഫിനായില്ല.

എന്നാല്‍ കുറഞ്ഞ പോളിങ് തങ്ങളെ മാത്രമല്ല, ബിജെപിയെയും എല്‍ഡിഎഫിനെയും ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മഞ്ചേശ്വരം ഇക്കുറിയും ബിജെപിയെ തുണക്കില്ലെന്നാണ് വിവരം. പി ബി അബ്ദു റസ്സാഖിന്റെ പിന്‍ഗാമിയായി എം സി ഖമറുദ്ദീനെത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പിനു ശേഷമുള്ള പ്രാഥമിക വിലയിരുത്തലില്‍ വിജയം ഉറപ്പിച്ച യുഡിഎഫ്, ഇക്കുറിയും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്നും പറയുന്നു. അതേസമയം, മഞ്ചേശ്വരത്തു ഇക്കുറി അട്ടിമറി ജയത്തിനുള്ള സാധ്യത തിരഞ്ഞെടുപ്പിനു ശേഷവും ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല. സാമുദായിക ഘടകങ്ങളുടെ പിന്‍ബലത്തില്‍ ജയിച്ചു കയറുമെന്ന വിശ്വാസത്തിലാണ് ബിജെപി. കോന്നിയില്‍ രണ്ടുപതിറ്റാണ്ടായി യുഡിഎഫിന്റെ സുരക്ഷിത കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം 46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. യുഡിഎഫിനെ 41 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചപ്പോള്‍ വന്‍ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എന്‍ഡിഎയെ തുണച്ചത് 12 ശതമാനം പേര്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ എട്ട് മണി മുതല്‍ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് ഇവിഎമ്മുകള്‍ എണ്ണും. എല്ലാ മണ്ഡലങ്ങളിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് പ്രത്യേക സിസിടിവി നിരീക്ഷണത്തിലായിരിക്കും. മഞ്ചേശ്വരത്ത് ഗവ.എച്ച്‌എസ് പൈവളികേ നഗറിലും, എറണാകുളത്ത് മഹാരാജാസ് കോളജിലും അരൂരില്‍ എന്‍എസ്‌എസ് കോളജ് പള്ളിപ്പുറം ചേര്‍ത്തല, കോന്നിയില്‍ അമൃത വിഎച്ച്‌എസ്‌എസ് എലിയറയ്ക്കല്‍, വട്ടിയൂര്‍ക്കാവില്‍ സെന്റ് മേരീസ് എച്ച്‌എസ്‌എസ് പട്ടം എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

വോട്ടിങ് മെഷീനുകള്‍ സ്ട്രോങ് റൂമില്‍ അതീവസുരക്ഷയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങള്‍ക്കാണ് സുരക്ഷാ ചുമതല. ഇന്നര്‍ സര്‍ക്കിളില്‍ സിആര്‍പിഎഫിന്റേതാണ് സുരക്ഷ. എല്ലാ കേന്ദ്രങ്ങളും സിസിടിവി നിരീക്ഷണത്തിലാണ്. ഇരട്ട ലോക്ക് സംവിധാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനമാണ് പോളിങ്. മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരില്‍ 80.47, കോന്നിയില്‍ 70.07, വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം പോളിങ് നടന്നു. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിങ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന 9,57,509 വോട്ടര്‍മാരില്‍ 6,69,596 പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതില്‍ 3,26, 038 പേര്‍ പുരുഷന്‍മാരും, 3,43,556 പേര്‍ സ്ത്രീകളും, രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 13.7 ശതമാനം പോളിങ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരില്‍ 4.96 ശതമാനവും കോന്നിയില്‍ 3.12 ശതമാനവും വട്ടിയൂര്‍ക്കാവില്‍ 7.17 ശതമാനവും 2016നേക്കാള്‍ കുറവുണ്ട്.

Top