ന്യൂഡൽഹി : രാജ്യം കലാപഭൂമി ആവുകയാണ് . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് അക്രമം നടന്നതായി ആരോപണം ദല്‍ഹി പൊലീസ് ആസ്ഥാനം വളഞ്ഞ് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ രംഗത്ത് എത്തി . ജെഎന്‍യു, ഡൽഹി സർവകലാശാല വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വിദ്യാർഥികൾ എത്തുന്നത് തടയാന്‍ പൊലീസ് മെട്രോ സ്റ്റേഷനുകള്‍ അടച്ചെങ്കിലും നിരവധി പേരാണ് പൊലീസ് ആസ്ഥാനത്ത് തിങ്ങികൂടിയിരിക്കുന്നത്.ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണ് ഇന്നു രാത്രി മുഴുവന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു പേരാണ് ഇപ്പോള്‍ പ്രതിഷേധത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.സംഘർഷത്തെ തുടർന്നു 24 മണിക്കൂർ നേരത്തേയ്ക്ക് പ്രദേശത്ത് ഇന്റർനെറ്റ് സേവനത്തിനു വിലക്കേർപ്പെടുത്തി.
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ജാമിയ വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യുപിയിലെ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവും അക്രമാസക്തമായി. പൊലീസിനു നേരേ വിദ്യാർഥികൾ കല്ലെറിഞ്ഞു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ഡൽഹി ജാമിയ നഗറിൽ ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. മൂന്നു ബസുകളും രണ്ടു പൊലീസ് വാനുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് തീവച്ചു. അക്രമത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആഹ്വാനം ചെയ്തു.സംഘർഷത്തെത്തുടർന്നു പൊലീസ് ജാമിയ മിലിയ സർവകലാശാലയിൽ കയറി വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തു. ജാമിയയിലെ മസ്ജിദില്‍ നിന്ന് വിദ്യാര്‍ഥികളെ പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയതായി ആരോപണമുയർന്നു.
വിദ്യാർഥികൾ അക്രമം ഉണ്ടാക്കിയിട്ടില്ലെന്നു സർവകലാശാല യൂണിയനും വിസിയും പ്രതികരിച്ചു. എന്നാൽ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്ന് ഡിസിപി ചിൻമോയ് ബിസ്വാൾ പറഞ്ഞു . പൊലീസിന്റെ മേല്‍നോട്ടത്തിലാണ് ബസുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആംആദ്മി പാർട്ടിയാണ് അക്രമത്തിനു പിന്നിലെന്നായിരുന്നു ബിജെപി ആരോപണം. അലിഗഡ് സർവകലാശാല ജനുവരി 5 വരെ അടിച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകളും മാറ്റി.