കാസർകോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ മംഗലാപുരത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കർഫ്യൂവിനെതിരെ സമരം ചെയ്ത ബിനോയ് വിശ്വം എം.പി ഉൾപ്പടെ എട്ട് സി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് എം.പിയെ കസ്റ്റഡിയിലെടുത്തത്. സിറ്റി കോർപറേഷൻ ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപം നിരോധനാജ്‍ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. കർണാടക സിപിഐ സംസ്ഥാന സെക്രട്ടറിയെയും 10 പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബർക്കെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പൊലീസ് ബലപ്രയോഗത്തിന് മുതിർന്നെന്ന് ബിനോയ് വിശ്വം ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനും മംഗലുരു ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് മംഗലൂരുവിൽ എത്തിയത് എന്ന് ബിനോയ് വിശ്വം മിഡിയാവണിനോട് പറഞ്ഞു. സമാധാനപരമായി മുദ്രവാക്യം വിളിക്കുകയായിരുന്ന തങ്ങളെ പൊലീസ് പിടിച്ച് കൊണ്ടുപോവുകയായിരുന്നു എന്നും എം.പി പറഞ്ഞു. മംഗളൂരുവില്‍ എത്തിയ ശേഷമായിരുന്നു പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് വ്യാപിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ വിവിധയിടങ്ങളില്‍ ലാത്തി ചാര്‍ജ് നടന്നു. യു.പിയില്‍ ഇത് വരെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി.
അതേസമയം, മംഗളൂരുവിലേക്കുള്ള കേരള വാഹനങ്ങള്‍ക്ക് ഇന്നും അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണു കര്‍ണാടക പൊലീസ്. കര്‍ശന പരിശോധനയ്ക്കുശേഷം കാറും ഇരുചക്ര വാഹനങ്ങളും കടത്തിവിടുന്നുണ്ട്. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങളെല്ലാം തലപ്പാടിയില്‍ തടയുന്നു. കേരളത്തില്‍നിന്നുള്ള ബസുകളും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. എന്നാല്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.
വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പില്‍ മരിച്ചശേഷമാണ് മലയാളികള്‍ക്ക് മംഗളൂരുവില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമസംഘത്തെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരുവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കര്‍ഫ്യുവിനൊപ്പം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ ഇന്‍റര്‍നെറ്റ് വിലക്കും തുടരുന്നു.